കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാരിന് ഒരു വര്‍ഷം വരെ മാത്രമേ ആയുസ്സുള്ളുവെന്നും സര്‍ക്കാര്‍ താഴെ വീഴുമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ. 'ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നിലവിലെ മമതാബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ 2021 വരെ അധികാരത്തിലിരിക്കില്ല'. സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ അധികാരത്തില്‍ നിന്നും താഴെയിറങ്ങുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

'തൃണമൂല്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ നടക്കുന്നുണ്ട്. പൊലീസിന്‍റെയും സിഐഡികളുടേയും സഹായത്തിലാണ് നിലവില്‍ ഭരണം മുന്നോട്ട് പോകുന്നത്'. ബംഗാളില്‍ ബിജെപിക്കു വേണ്ടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തൃണമൂല്‍ വ്യാപകമായി ആക്രണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബംഗാളില്‍ മൂന്ന് എംഎല്‍എമാരും അറുപതിനടുത്ത് കൗണ്‍സിലര്‍മാരും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. മൂന്നില്‍ രണ്ടു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ എംഎല്‍എമാരാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്‍റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ സ്വന്തമാക്കി ബിജെപി മിന്നുന്ന പ്രകടനമാണ് ബംഗാളില്‍ കാഴ്ചവെച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്.