മുംബൈ: വീട്ടിൽ സൂക്ഷിച്ച കുടിവെള്ളം മോഷണം പോയെന്ന പരാതിയുമായി വീട്ടുടമ പൊലീസില്‍. രൂക്ഷമായ വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.  നാസിക്കിലെ മൻമാഡ് പട്ടണത്തിൽ ശ്രാവസ്തി നഗറിൽ താമസിക്കുന്ന വിലാസ് അഹിരിയുടെ വീട്ടില്‍ നിന്നാണ് കുടിവെള്ളം നഷ്ടമായത്. ജലക്ഷാമം മുൻകൂട്ടി കണ്ട് വീട്ടിലെ ടെറസിൽ രണ്ടു  ടാങ്കുകളിലായി 500 ലിറ്റർ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നു. കഴിഞ്ഞ ദിവസം നോക്കിയപ്പോൾ ടാങ്കിൽ കുറച്ചു വെള്ളമേ ഉണ്ടായിരുന്നൊള്ളൂ. 300 ലിറ്ററോളം  ആരോ മോഷ്ടിച്ചുവെന്നാണ് അഹിരേയുടെ പരാതി.

അഹിരേയുടെ പരാതി സ്വീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ ധൂസർ പറഞ്ഞു. വാഗ്ദർഡി അണക്കെട്ടിൽ ജലനിരപ്പ്  കുറഞ്ഞതിനാൽ മൻമാഡ് പട്ടണത്തിൽ ജലവിതരണത്തിന്റെ താളംതെറ്റിയിട്ടുണ്ട്. കഴിഞ്ഞവർഷം മഴ തീരേ കുറഞ്ഞതാണ് ജലവിതാനം താഴാൻ കാരണമെന്ന് തദ്ദേശ ഭരണകൂടം  പറയുന്നു. വേനൽ കടുത്തതോടെ മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളും രൂക്ഷമായ വരൾച്ചയിലേക്ക് നീങ്ങുകയാണ്.  ഇത്തവണ വേനൽമഴ കുറഞ്ഞതാണ് പ്രശ്നം ഇത്ര രൂക്ഷമാകാൻ കാരണം.