മുംബൈ: തിമിംഗലം ഛര്‍ദ്ദിച്ചപ്പോള്‍ കിട്ടിയ 1.3 കിലോ ആമ്പര്‍ഗ്രിസ് വില്‍ക്കാനെത്തിയ 50കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാവിഹാറിലെ കാമാ ലെയ്‌നിലെ താമസക്കാരനായ രാഹുല്‍ ദുപാരെ എന്നയാളെ ശനിയാഴ്ചയാണ് മുംബൈ പൊലീസ് പിടികൂടിയത്. വിപണിയില്‍ 1.7 കോടി രൂപ വില വരുന്ന ആമ്പര്‍ഗ്രിസ് ഇയാളുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത നീക്കത്തിലാണ് രാഹുല്‍ ദുപാരെയെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതുകൂടാതെ തിമിംഗലത്തെ കൊലപ്പെടുത്തിയ ശേഷമാണോ ആമ്പര്‍ഗ്രിസ് കൈക്കലാക്കിയതെന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍  വ്യക്തമാക്കി. 

സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചുകളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടന്ന് ഒടുവിൽ തീരത്തടിയും. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണ് ആമ്പര്‍ഗ്രിസ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആമ്പർഗ്രിസ് ഉപയോഗിക്കുക.