നോയിഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് പിടിയിൽ. നോയിഡയിലെ യാക്കൂബ്പൂർ ഗ്രാമത്തിലെ താമസക്കാരനായ രാജ എന്ന ജാവേദിനെ (20)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിലും വാട്സാപ്പിലുമാണ് മോദിയെ അധിക്ഷേപിക്കുന്ന ചിത്രങ്ങൾ ജാവേദ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചക്ക് നാ​ഗല ബസ്റ്റാന്റിന് സമീപത്തുനിന്നാണ് ജാവേദിനെ പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ തിങ്കളാഴ്ചയാണ് പരാതി ലഭിച്ചതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

ചിത്രം അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ജാവേദിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ജാവേദിനെ റിമാൻഡ് ചെയ്തു. അതേസമയം, പരാതിക്കാരന്റെ ഐഡന്റിറ്റി പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല.
 
അപകീര്‍ത്തിപ്പെടുത്തല്‍, വിവരസാങ്കേതിക നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ചുമത്തിയാണ് ജാവേദിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2014ൽ മോഷണക്കേസിൽ ജാവേദിനെതിരെ കേസെടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു.