ജയ്പൂർ: അക്ബർ ചക്രവർത്തി സമ്മാനിച്ച ഖുറാൻ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രധാനപ്രതിയെ ജയ്പൂർ പൊലീസ് പിടികൂടി. ജയ്പൂരിലെ ജാംവരാംഗഡ് സ്വദേശിയായ ബൻവാരി മീണ (29) എന്നായാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ജയ്പൂരിലെ ബാഡി ചൗപറിൽവച്ച് ഖുറാൻ വിൽക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്.

ബിൽവാറയിലെ ഒരു കുടുംബത്തിന് അക്ബർ ചക്രവർത്തി സമ്മാനിച്ച സ്വർണ്ണ ലിപിയിലുള്ള പുരാതന ഖുറാനാണ് പ്രതി മോഷ്ടിച്ചത്. 2019 സെപ്തംബർ 12നായിരുന്നു ഖുറാൻ മോഷണം പോയത്. ബിൽവാറയിലെ പ്രാദേശിക ഭരണകർത്താക്കളായിരുന്ന കുടുംബം, സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ അവർക്ക് അക്ബർ സമ്മാനിച്ച ഖുറാൻ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ വിവരം രഹസ്യമായറിഞ്ഞ ബൻവാരിയും സംഘവും ഖുറാൻ വാങ്ങാനെന്ന വ്യാജേന വീട്ടുകാരെ സമീപിച്ചു.

തുടർന്ന് ഖുറാൻ കാണാനെന്ന വ്യാജേന വീട്ടുകാരെ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. പിന്നാലെ അവരെ മർദ്ദിക്കുകയും പുസ്തകവുമായി ബൻവാരിയും സംഘവും പ്രദേശത്തുനിന്ന് കടന്നുകളയുകയായിരുന്നു. സ്വർണ്ണ ലിപിയിൽ എഴുതപ്പെട്ട ഖുറാന് 1,014 പേജുകളാണുള്ളത്.

ബംഗ്ലാദേശിൽ നിന്നുള്ള ഒരാൾക്കു 16 കോടി രൂപയ്ക്ക് ഖുറാൻ വിൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ജയപൂരിൽ തന്നെയുള്ള ഒരാൾക്ക് ഖുറാൻ വിൽക്കുന്നതിനിടെയാണ് പ്രതി പിടിക്കപ്പെടുന്നത്. കേസിൽ രണ്ടു പേർ നേരത്തേ അറസ്റ്റിലായിരുന്നു.