ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിപക്ഷം സമരം ശക്തമാക്കുന്നു. ഇംപീച്ച്മെന്റ് നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതിയും ഇന്ത്യാ സഖ്യവും യോഗം ചേരും. ഇതിനിടെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്ഐആർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ദില്ലി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം പ്രതിപക്ഷം കൂടുതൽ ശക്തമാക്കുന്നു. തുടർ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗം ഇന്ന് ദില്ലിയിൽ ചേരും. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് നിയമവിദഗ്ധർ പരിശോധിച്ച് വരികയാണെന്നും ഇന്നത്തെ യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന ഇന്ത്യ സഖ്യ യോഗത്തിൽ കൈക്കൊള്ളും. അതിനിടെ, ആഗ്രയിലെ ഗ്യാനേഷ് കുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
എസ് ഐ ആർ ഹർജികൾ സുപ്രീം കോടതിയിൽ
ഡൽഹിയിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ചുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വോട്ടർമാർക്ക് അയക്കുന്ന നോട്ടീസുകളിൽ വ്യക്തത വേണമെന്നും എന്ത് വിവരത്തിലാണ് വിശദീകരണം തേടുന്നതെന്ന് വ്യക്തമാക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിർദ്ദേശിച്ചിരുന്നു. ദില്ലി മുഖ്യമന്ത്രി രേഖാ ഗുപ്ത, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ ഉൾപ്പെടെ 31 ലക്ഷത്തിലധികം ആളുകൾക്ക് നോട്ടീസ് ലഭിച്ചത് വലിയ വിവാദമായിരുന്നു. കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ എസ് ഐ ആറുമായി ബന്ധപ്പെട്ട ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്. അതേസമയം ഇ സി ഐ നെറ്റിൽ ഇടപെടാൻ ഇ ആർ ഒമാർക്ക് കൂടുതൽ അവകാശം വേണമെന്ന് മഹാരാഷ്ട്ര ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിയറിംഗ് ഒഴിവാക്കാനും കൂടുതൽ രേഖകൾ സ്വീകരിക്കാനുമുള്ള അവകാശം ഇ ആർ ഒ മാർക്ക് നൽകണമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര സി ഇ ഒ കമ്മീഷന് കത്തുനൽകിയിട്ടുണ്ട്.
