കൃഷ്ണ: ജനിച്ചത് പെണ്‍കുട്ടികളായതിനാല്‍ ഇരട്ടകളില്‍ ഒരാളെ പിതാവ് വില്‍ക്കാന്‍ ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണയിലാണ് ചിന അവുതപള്ളി സ്വദേശി രാജേഷ് എട്ടു ദിവസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്.

ഒക്ടോബര്‍ 10 -നാണ് രാജേഷിന്‍റെ ഭാര്യ രജിത രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. എന്നാല്‍ ജനിച്ചത് പെണ്‍കുട്ടികളായതിനാല്‍ കുട്ടികളെ വളര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് രാജേഷ് ഒരു കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ കുഞ്ഞിനെ വില്‍ക്കാന്‍ ഭാര്യാപിതാവ് സമ്മതിച്ചില്ല. ഇതോടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. രാജേഷ്  മര്‍ദ്ദിച്ചതായും ഭാര്യാപിതാവ് സോഭനാദ്രി ആരോപിച്ചു. 

ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതായി ബോധ്യപ്പെടുകയായിരുന്നു. കുഞ്ഞിനെ ആര്‍ക്കാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്നതിനെ കുറിച്ച് അറിയില്ലെന്ന് സോഭനാദ്രി പൊലീസിനോട് പറഞ്ഞു. പിന്നീട് പൊലീസ് കൗണ്‍സിലിങ് നല്‍കിയതോടെ രണ്ട് കുട്ടികളെയും വളര്‍ത്താന്‍ രാജേഷ് സമ്മതിച്ചു. നാലു വര്‍ഷം മുമ്പാണ് രജേഷും ഭാര്യയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.