Asianet News MalayalamAsianet News Malayalam

44കാരിയുമായുള്ള 10 വർഷത്തെ ബന്ധം ഉപേക്ഷിച്ച് മറ്റൊരു വിവാഹം; വിവാഹ വേദിയിൽ വെച്ച് പ്രതികാരം ചെയ്യാൻ ശ്രമം

ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വീര്യം കുറ‌ഞ്ഞ ആസിഡുമായി വിവാഹ വേദിയിലെത്തിയാണ് പ്രതികാരം ചെയ്യാൻ ശ്രമിച്ചത്. 

man attempted for another marriage leaving 10 year long affair with another woman behind and she took revenge
Author
First Published Aug 12, 2024, 6:55 AM IST | Last Updated Aug 12, 2024, 6:55 AM IST

അമരാവതി: മുൻ കാമുകൻ തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് വിവാഹ വേദിയിൽ വെച്ച പ്രതികാരം ചെയ്യാൻ 44 വയസുകാരിയുടെ ശ്രമം. യുവാവിന് നേരെ ആസിഡ് ആക്രമണം നടത്തിയെങ്കിലും കാര്യമായ അപകടമുണ്ടായില്ല. എന്നാൽ വിവാഹ ചടങ്ങുകൾ മുടങ്ങി. ആന്ധ്രാപ്രദേശിലെ അമരാവതിയിലാണ് സംഭവം.

വിധവയും 22 വയസുകാരന്റെ അമ്മയുമായ ജയ എന്ന സ്ത്രീയാണ് വിവാഹ വേദിയിൽ വെച്ച് വരൻ സൈദ് ശൈഖിനെ (32) ആക്രമിക്കാൻ ശ്രമിച്ചത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറായിരുന്ന ജയ തിരുപ്പതി സ്വദേശിയാണ്. കഴിഞ്ഞ പത്ത് വർഷമായി സൈദുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ മൂന്ന് വ‍ർഷം മുമ്പ് സൈദ് ജോലിക്കായി കുവൈത്തിലേക്ക് പോയ ശേഷം തന്നിൽ നിന്ന് അകന്നുവെന്നുമാണ് ജയ ആരോപിക്കുന്നത്. ഇതിനിടെ ജയ അറിയാതെ സൈദ് നാട്ടിലെത്തുകയും മറ്റൊരു വിവാഹം തീരുമാനിക്കുകയും ചെയ്തു.

നന്ദലൂ‍ മണ്ഡലിലെ അറവാപ്പള്ളി ഗ്രാമത്തിൽ വെച്ചാണ് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നത്. ജയയോടൊപ്പം ഇനി ജീവിക്കാനാവില്ലെന്ന് സൈദ് നേരത്തെ പറഞ്ഞിരുന്നത്രെ. ഇതിനോടുള്ള പ്രതികാരമായി ബാത്ത്റൂം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡുമായാണ് ജയ വിവാഹ വേദിയിലെത്തിയത്. വരന്റെ അടുത്തേക്ക് ചെന്ന് ആസിഡ് ഒഴിച്ചെങ്കിലും അത് അടുത്ത് നിന്ന് ഒരു ബന്ധുവിന്റെ ശരീരത്തിലാണ് വീണത്. ബാത്ത്റൂം വൃത്തിയാക്കുന്ന വീര്യം കുറ‌ഞ്ഞ ആസിഡ് ആയിരുന്നതിനാൽ ബന്ധുവിന് കാര്യമായ പൊള്ളൽ ഏറ്റതുമില്ല.

അതേസമയം ആസിഡ് ആക്രമണത്തിന് പിന്നാലെ സൈദ് ശൈഖ്, ജയയെ ആക്രമിച്ചു. ജയയ്ക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ട്. രണ്ട് പേർക്കുമെതിരെ വിവിധ വകുപ്പുകൾ ചുമത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ്ചെയ്തു. സൈദിന്റെ വിവാഹം സംഭവത്തെ തുടർന്ന് റദ്ദാക്കിയതായും പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios