ടിവികെ സർക്കാർ രൂപീകരണം വൈകുന്നതിൽ മനംനൊന്ത് തിരുനൽവേലി സ്വദേശിയായ പ്രവർത്തകൻ ഇസക്കിയപ്പൻ സ്വയം തീകൊളുത്തി. 30 ശതമാനം പൊള്ളലേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. വിജയ് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹത്തിൽ ഇദ്ദേഹം മുൻപ് ശൂലം കുത്തിയും വാർത്തകളിൽ ഇടം നേടിയിരുന്നു.
ചെന്നൈ: സംസ്ഥാനത്ത് ടിവികെ സർക്കാർ അധികാരത്തിലെത്താൻ വൈകുന്നതിൽ മനംനൊന്ത് പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുനൽവേലി ജില്ലയിലെ ചെട്ടിക്കുളം സ്വദേശി ഇനക്കിയപ്പൻ എന്ന 47-കാരനാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹത്തെ ആശാരിപള്ളത്തെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് 30 ശതമാനം പൊള്ളലേറ്റതായാണ് വിവരം. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം അപകടനില തരണം ചെയ്തോയെന്ന് വ്യക്തമായിട്ടില്ല.

ടിവികെയുള്ള വള്ളിയൂർ യൂണിയൻ വളൻ്റിയേർസ് വിങിൻ്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇസക്കിയപ്പൻ. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ നേടിയെടുക്കാൻ വിജയ്ക്കും പാർട്ടിക്കും സാധിക്കാതെ വന്നതിൽ കടുത്ത മനോവിഷമത്തിലായിരുന്നു ഇദ്ദേഹം. വിജയ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളെണ്ണി കാത്തിരുന്നെങ്കിലും ഫലം വന്ന് അഞ്ചാം ദിവസവും തീരുമാനമാകാതെ വന്നതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇസക്കിയപ്പൻ പോയത്.
ഏതാണ്ട് നാല് മാസം മുൻപ് കടുത്ത വിജയ് ആരാധകനായ ഇദ്ദേഹം തൻ്റെ ഇരുകവിളുകളും തുളച്ച് 16 അടി നീളമുള്ള ശൂലം കുത്തിയിരുന്നു. പൊതുജനത്തിന് മുന്നിൽ ഈ നിലയിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം വിജയ് മുഖ്യമന്ത്രിയായി കാണാനുള്ള ആഗ്രഹത്തിലാണ് ഇത് ചെയ്തത്. അതേസമയം സംസ്ഥാനത്ത് കേവല ഭൂരിപക്ഷം ഉറപ്പാക്കിയ വിജയ്‌യും ടിവികെയും ഭരണത്തിലെത്തുമെന്ന് ഉറപ്പാക്കി. ഇതിനായുള്ള തീവ്രശ്രമത്തിലായിരുന്നു ടിവികെ. ഇടതുപാർട്ടികൾക്ക് പുറമെ വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ടിവികെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുന്നത്. എന്നാൽ ഇന്ന് വൈകിട്ട് ആറ് മണിയോടെ ഗവർണർ രാജേന്ദ്ര അർലേകർ കേരളത്തിലേക്ക് തിരിക്കും. ഇതിന് മുൻപ് രാജ്‌ഭവനിലെത്തി പിന്തുണ അറിയിക്കാൻ വിജയ്ക്ക് സാധിച്ചില്ലെങ്കിൽ സത്യപ്രതിജ്ഞയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.


