പ്രതിയുടെ കയ്യില്‍ നിന്ന് നാടന്‍ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്

ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂർ ജില്ലയിൽ വിവാഹിതയായ മുൻ കാമുകിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവതിയുടെ ഗ്രാമത്തിലെ തന്നെ അരുൺ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിൽ കയറിയാണ് ഇയാൾ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ ഇയാൾ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ അരുണിന്‍റെ വലതുകാലിന് വെടിയേറ്റിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്ന് ഒരു നാടന്‍ തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു.

യുവതിയും അരുണും തമ്മിൽ പ്രണയബന്ധത്തിലായിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് യുവതി വിവാഹിതയായി. ഏകദേശം അതേ സമയം തന്നെ അരുണും വിവാഹം കഴിച്ചു. എന്നാൽ അരുണിന്‍റെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാവുകയും ഭാര്യ സ്വന്തം വീട്ടിലേക്ക് തിരികെ പോവുകയും ചെയ്തു. ആക്രമണത്തിനിരയായ യുവതിയും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. പിന്നീട് അരുണും യുവതിയും തമ്മിലുള്ള ബന്ധം വീണ്ടും തുടരുകയും ഇതില്‍ പ്രശ്നങ്ങൾ ഉണ്ടാവാന്‍ ആരംഭിക്കുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് അരുണ്‍ ഇത്തരത്തിലൊരു അതിക്രമം കാണിക്കാന്‍ കാരണം എന്നാണ് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ജിതേന്ദ്ര ശ്രീവാസ്തവ വ്യക്തമാക്കി. വിശദമായ അന്വേഷണം നടക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്നും അദ്ദേഹം പറഞ്ഞു.

YouTube video player