'സ്വന്തം വാഹനത്തില്‍  യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കേണ്ട കാര്യമില്ലെന്നും ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും യുവാവിന്‍റെ ഭാര്യ പൊലീസിനോട് വാദിച്ചു'. 

ദില്ലി: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറി യുവതി. ഒടുവില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായപ്പോള്‍ കുറ്റം ഭാര്യയുടേതെന്ന് യുവാവ്. ദില്ലിയിലാണ് മാസ്ക് ധരിക്കുന്നതിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും വാക്കേറ്റമുണ്ടാവുകയും ഒടുവില്‍ പൊലീസിന്റെ പിടിയിലുമാകുന്നത്. സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കാറില്‍ യാത്ര ചെയ്യവേയാണ് മാസ്ക് ധരിക്കാത്തിന് ദില്ലി സ്വദേശിയായ പങ്കജ് ദത്ത എന്ന യുവാവിനെയും ഭാര്യയെയും പൊലീസ് തടഞ്ഞത്. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കേണ്ട കാര്യമില്ലെന്നും ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും യുവാവിന്‍റെ ഭാര്യ പൊലീസിനോട് വാദിച്ചു. എന്നാല്‍ റോഡ് പൊതു ഇടമാണെന്നും പൊതു ഇടത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദശമെന്നും പൊലീസുകാര്‍ പറഞ്ഞു.

ഒടുവില്‍ മാസ്ക് ധരിക്കാത്തതിന് യുവാവിനും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇതോടെയാണ് യുവാവ് ഭാര്യയ്ക്കെതിരെ തിരിഞ്ഞത്. മാസ്ക് ഇടാന്‍ സമ്മതിക്കാത്തത് ഭാര്യയാണെന്നും ഇക്കാര്യം പറഞ്ഞ് ഭാര്യ തന്നോട് വഴക്കിട്ടുവെന്നുമായിരുന്നു യുവാവിന്‍റെ പ്രതികരണം.

"അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല''- യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

Scroll to load tweet…