ദില്ലി: അകന്നുപോയ ഭാര്യയുടെ ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെതിരെ കേസ്. ദമ്പതികള്‍ ഫയല്‍ ചെയ്ത വിവാഹമോചന കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ ഫറു്നഗര്‍ സ്വദേശിയാണ് 30കാരിയായ യുവതി. 12 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഗുരുഗ്രാമില്‍ ഒരു വസ്ത്രനിര്‍മ്മാണശാലയിലാണ് യുവതി ജോലിചെയ്യുന്നത്. 

തന്നെ അപമാനിക്കാന്‍ ഭര്‍ത്താവ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്നാണ് യുവതി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. ഭര്‍ത്താവിന്‍റെ പ്രൊഫൈലിലല്ല, മറ്റൊരാളുടെ പ്രൊഫൈലിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. 

ആദ്യം സൈബര്‍ക്രൈമിലാണ് പരാതി നല്‍കിയത്. പിന്നീട് കേസ് മനേസറിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും യുവതിയുടെ ഫോട്ടോ അപ്ലോഡ് ചെയ്തതിന്‍റെ ഉദ്ദേശം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.