ബിഹാറിൽ യാത്രക്കിടെ രാഹുൽ ഗാന്ധിയെ ഒരാൾ സുരക്ഷ ഭേദിച്ച് കെട്ടിപ്പിടിച്ചു

ദില്ലി: ബിഹാറിൽ 'വോട്ടർ അധികാര് യാത്ര' നടത്തുന്ന രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് അജ്ഞാതൻ പാഞ്ഞെത്തി സ്നേഹപ്രകടനം നടത്തി. വലിയ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായ ഈ നീക്കത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ മർദിച്ച് മാറ്റി നിർത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ബിഹാർ പൊലീസിലെ ഉന്നതർ വ്യക്തമാക്കിയിട്ടുണ്ട്.

കോൺഗ്രസ് നേതാവിനൊപ്പം ബൈക്കിലായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. രാഹുൽ ഗാന്ധിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ നൂറുകണക്കിന് ബൈക്ക് യാത്രികർ രാഹുൽ ഗാന്ധി നയിച്ച വാഹന ജാഥയിൽ അണിനിരന്നിരുന്നു. പൂർണിയ ജില്ലയിൽ യാത്രയുടെ അവസാന സ്റ്റോപ്പായ അരാരിയയിലേക്ക് വാഹനവ്യൂഹം പോകുന്നതിനിടെയാണ് ഈ സംഭവം. ഇരുണ്ട നിറത്തിലുള്ള ഷർട്ടും പാൻ്റും ധരിച്ചയാൾ പൊടുന്നനെ സുരക്ഷ ഭേദിച്ച് രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് എത്തുകയും കെട്ടിപ്പിടിച്ച് ചുംബിക്കുകയുമായിരുന്നു.

ഇതേ തുടർന്ന് രാഹുൽ ഗാന്ധിയുടെ വാഹനം നിയന്ത്രണം തെറ്റി വീഴാൻ പോയി. ഈ സമയത്താണ് സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടി മർദിച്ച് മാറ്റിനിർത്തിയത്. അതേസമയം ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ അടക്കം നിരവധി പേർ രാഹുൽ ഗാന്ധി നയിച്ച വാഹന യാത്രയിൽ ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത സംഭവത്തിൽ നടപടിയെടുക്കുമെന്ന് ബിഹാർ പൊലീസ് അറിയിച്ചിട്ടുണ്ട്.

YouTube video player