ലഖ്‌നൗ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാന്‍ കര്‍ശന നടപടികളാണ് ഓരോ അധികൃതര്‍ സ്വീകരിച്ചുവരുന്നത്. ഓരോ ദിവസം കഴിയുന്തോറും നിയന്ത്രണങ്ങൾ കർശനമാവുകയാണ്. ഇതിനിടയിൽ സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ ​ഗൗരവമായി കണ്ട് മരത്തിന് മുകളിൽ കുടിൽ കെട്ടി താമസിക്കുന്നയാളുടെ വാർത്തയാണ് പുറത്തുവരുന്നത്.

ഉത്തര്‍പ്രദേശിലെ അസോധ ഗ്രാമത്തിലെ മുകുള്‍ ത്യാഗി എന്നയാളാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
ഉണങ്ങിയ മരക്കൊമ്പുകള്‍ കൊണ്ടാണ് താൻ മരത്തിന് മുകളിൽ കുടില്‍ കെട്ടിയതെന്ന് മുകുൾ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

രാജ്യം മുഴുവന്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സാമൂഹിക അകലമാണ് അതിന് ഒരു പോംവഴിയെന്ന് മുകുള്‍ ത്യാഗി പറയുന്നു. ഏകാന്തവാസം ഉറപ്പുവരുത്താനാണ് മരത്തില്‍ കുടില്‍ കെട്ടിയതെന്നും മുകുള്‍ വ്യക്തമാക്കി.

മകന്റെ സഹായത്തോടൊണ് മുകുൾ കുടില്‍ കെട്ടിയത്. മരത്തിന്റെ കൊമ്പുകള്‍ കെട്ടിയായിരുന്നു കുടില്‍ നിര്‍മ്മാണം. തന്റെ അച്ഛനാണ് ഈ ആശയം മുന്നോട്ടുവെച്ചതെന്നും മുകുൾ ത്യാഗി പറയുന്നു. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു അനുഭവമാണ് തനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും മുകുൾ വ്യക്തമാക്കുന്നു.