ഹൈദരാബാദ്:  തൊഴിലില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ച് യുവാക്കളുടെ ആത്മഹത്യ. ആന്ധ്രപ്രദേശിലെ മൂന്ന് സ്ഥലങ്ങളിലാണ് മൂന്ന് യുവാക്കള്‍ തൊഴില്‍ ഇല്ലെന്ന കാരണത്താല്‍ ആത്മഹത്യ ചെയ്തത്. ഒരാളുടെ വീഡിയോ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സംഭവം രാഷ്ട്രീയ വിവാദമായി. 

തെനാലി, ഗുണ്ടൂര്‍, മംഗള്‍ഗിരി എന്നീ സ്ഥലങ്ങളിലാണ് ഈ മാസം നിര്‍മാണ തൊഴിലാളികളായ മൂന്ന് യുവാക്കള്‍ ആത്മഹത്യ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ മണല്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്നാരോപിച്ചായിരുന്നു ആത്മഹത്യ. 
ഗുണ്ടൂര്‍ സ്വദേശിയായ വെങ്കിടേഷാണ് മരിക്കുന്നതിന് മുമ്പ് ഫേസ്ബുക്കില്‍ വീഡിയോ ചെയ്തത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജോലിയില്ലെന്നും ജീവിക്കാന്‍ മറ്റ് വഴിയില്ലെന്നും പറഞ്ഞ് ആത്മഹത്യ ചെയ്തത്. 

വെങ്കിടേഷ് വര്‍ഷങ്ങളായി നിര്‍മാണ തൊഴിലാളിയാണെന്നും മറ്റ് ജോലിയൊന്നും അറിയില്ലെന്നും ഭാര്യ പറഞ്ഞു. ഒരുവയസ്സുള്ള മകന് അസുഖമാണ്. ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്തതെന്നും ഭാര്യ ആരോപിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാറിനെതിരെ രംഗത്തെത്തി. സംസ്ഥാനത്തെ നിര്‍മാണ മേഖല തകര്‍ന്നിരിക്കുകയാണെന്നും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.

നേരത്തെയും രണ്ട് തൊഴിലാളികള്‍ ആത്മഹത്യ ചെയ്തിരുന്നുവെന്നും വെങ്കിടേഷിന്‍റെ മരണത്തോടെയാണ് സ്ഥിതിഗതികള്‍ ഇത്രയും രൂക്ഷമാണെന്ന് മനസ്സിലാക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.