Asianet News MalayalamAsianet News Malayalam

അമ്മയെ കൊന്ന് മൂന്നാം ദിവസം മകൻ കഴുത്തറുത്ത് ജീവനൊടുക്കി, കണ്ടെത്തിയത് 77 പേജ് ആത്മഹത്യാക്കുറിപ്പ്

സംഭവ സ്ഥലത്തുനിന്ന് ക്ഷിതിജ് എഴുതിയ 77 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി..

Man committed suicide day after killed mother
Author
First Published Sep 5, 2022, 1:05 PM IST

ദില്ലി : ദില്ലിയിലെ രോഹിണിയിൽ അമ്മയെ കൊലപ്പെടുത്തി ദിവസങ്ങൾക്ക് ശേഷം 25കാരൻ ആത്മഹത്യ ചെയ്തു. ക്ഷിതിജ് എന്ന തൊഴിൽ രഹിതനായ യുവാവാണ് അമ്മയെ കൊന്ന് ആത്മഹത്യ ചെയ്തത്. ഇവരുടെ പിതാവ് നേരത്തേ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടോ മൂന്നോ ദിവസം മുമ്പാണ് ഇയാൾ അമ്മയെ കൊലപ്പെടുത്തിയത്. കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇതിന് പിന്നാലെ ഞായറാഴ്ച മകനും ആത്മഹത്യ ചെയ്യുകയായിരുന്നു. 

വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് രാത്രി എട്ട് മണിയോടെ പൊലീസ് കൺട്രോൾ റൂമിൽ (പിസിആർ) വിളിച്ച് വിവരം അറയിച്ചത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയപ്പോൾ പ്രധാന വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയായിരുന്നു. ജീവനക്കാർ ബാൽക്കണിയിൽ നിന്ന് വീടിനുള്ളിൽ കയറിയപ്പോഴാണ് ചുറ്റും രക്തം പുരണ്ട  നിലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഒരു സ്ത്രീയുടെ മൃതദേഹം ശുചിമുറിയിൽ കിടക്കുന്ന നിലയിലും കണ്ടെത്തി. ശുചി മുറിയിൽ കണ്ടെത്തിയ മൃതശരീരം വളരെ അഴുകിയ നിലയിലായിരുന്നുവെന്ന് രോഹിണിയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രണവ് തയാൽ പറഞ്ഞു.

സംഭവ സ്ഥലത്തുനിന്ന് ക്ഷിതിജ് എഴുതിയ 77 പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തി. താൻ വ്യാഴാഴ്ച അമ്മയെ കൊലപ്പെടുത്തിയെന്ന് ക്ഷിതിജ് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ഇയാൾ കഴുത്തറുത്ത് സ്വയം മരിക്കുകയായിരുന്നു. ക്രൈം ടീമുകളെയും ഫോറൻസിക് സയൻസ് ലാബ് ടീമുകളെയും അയച്ച് സംഭവ സ്ഥലത്ത് പരിശോധന നടത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നിയമനടപടി ആരംഭിച്ചതായും ഡിസിപി അറിയിച്ചു. ആത്മഹത്യാ കുറിപ്പിൽ, ക്ഷിതിജ് "വിഷാദ" ത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും തൊഴിൽരഹിതനായതിനാൽ ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയതായും ഓഫീസർ പറഞ്ഞു. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തെ കുറിച്ച് അറിയാൻ ബന്ധുക്കളെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Read Also : നാല് പതിറ്റാണ്ടിന് ശേഷം പിതാവ് മകനെ കണ്ടു, വൈകാതെ അന്ത്യം, അവസാന ആഗ്രഹം സാധിച്ച് നൽകി എസ്ഐ മുസ്തഫ

Follow Us:
Download App:
  • android
  • ios