Asianet News MalayalamAsianet News Malayalam

നാല് പതിറ്റാണ്ടിന് ശേഷം പിതാവ് മകനെ കണ്ടു, വൈകാതെ അന്ത്യം, അവസാന ആഗ്രഹം സാധിച്ച് നൽകി എസ്ഐ മുസ്തഫ

ഇവരുടെ കൈവശം വാസു, വെള്ളാരം കുന്നിൽ, ഇരിക്കൂർ എന്ന് പേപ്പറിലെഴുതിയ ഒരു കുറിപ്പ് മാത്രമാണുണ്ടായത്.

father met his son after 42 years and died soon
Author
First Published Sep 5, 2022, 8:03 AM IST

മാനന്തവാടി (വയനാട്) : മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുസ്തഫയ്ക്ക് മറക്കാനാകാത്ത ദിനമായിരുന്നു അത്. 42 വർഷം മുൻപ് കുടുംബത്തെ വിട്ടുപിരിഞ്ഞയാൾക്ക് മരണക്കിടക്കയിൽ വെച്ച് മകൻ്റെ കൈ കൊണ്ട് രണ്ട് തുള്ളി വെള്ളം കുടിക്കാനുള്ള സൗഭാഗ്യമൊരുക്കിയതിൻ്റെ നിർവൃതിയിലാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ. കണിയാരത്ത് രണ്ടാം ഭാര്യയോടൊത്ത് താമസിച്ച് വന്നിരുന്ന ബാബു എന്ന വെള്ളാരം കുന്നിൽ വാസുദേവന് അദ്ദേഹം 42 വർഷം മുൻപ് ഉപേക്ഷിച്ചു പോയ മകനെ ഒരു തുണ്ട് കടലാസിലെഴുതിയ രണ്ട് വരി വെച്ച് അന്വേഷിച്ച് കണ്ടെത്തി മരിക്കുന്നതിൻ്റെ തൊട്ടുമുമ്പ് മകൻ്റെ കൈ കൊണ്ട്  രണ്ട് തുള്ളി ദാഹജലം നുകരാൻ അവസരമൊരുക്കിയത് ഈ ഉദ്യോഗസ്ഥനാണ്. കുട്ടിക്കാലത്ത് അമ്മയേയും തന്നെയും തനിച്ചാക്കി പിരിഞ്ഞ പിതാവിന് അവസാനമായി ഒരു നോക്ക് കാണാനും, അദ്ദേഹത്തിന് എല്ലാ ചടങ്ങുകളോടെയും അന്ത്യ യാത്ര നൽകാനും കഴിഞ്ഞതിൻ്റെ നിർവൃതിയിലാണ് കേളകം സ്വദേശിയായ സജീവ്.  

സംഭവം നടക്കുന്നത് ആഗസ്റ്റ് 29നാണ്. കണിയാരത്ത് താമസിച്ചു വന്നിരുന്ന വാസുദേവൻ (ബാബു) വാർധക്യ സഹജമായ അസുഖങ്ങളാൽ മരണാസന്നനായി കിടക്കുകയായിരുന്നു. അദ്ദേഹവും രണ്ടാം ഭാര്യയും മാത്രമാണ് വീട്ടിലുള്ളത്. നാല് പതിറ്റാണ്ട് മുമ്പ് ഭാര്യയേയും ഏക മകനേയും ഉപേക്ഷിച്ച് നാടുവിട്ട വാസുദേവൻ പിന്നീട് രണ്ടാം വിവാഹം കഴിച്ചാണ് കണിയാരത്ത് താമസിച്ച് വന്നിരുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് മറ്റ് മക്കളൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ വാസുദേവൻ മരിക്കുന്നതിന് മുമ്പ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമവുമായി രണ്ടാം ഭാര്യയും നാട്ടുകാരും മാനന്തവാടി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ കൈവശം വാസു, വെള്ളാരം കുന്നിൽ, ഇരിക്കൂർ എന്ന് പേപ്പറിലെഴുതിയ ഒരു കുറിപ്പ് മാത്രമാണുണ്ടായത്.

വിഷയം ശ്രദ്ധയിൽപ്പെട്ട മാനന്തവാടി സിഐ അബ്ദുൾ കരീം എസ്ഐ മുസ്തഫയെ അന്വേഷണമേൽപ്പിച്ചു. മുൻപ് ഇരിക്കൂർ സ്റ്റേഷനിൽ ജോലി ചെയ്ത പരിചയമുള്ളതിനാലും കണ്ണൂർ സ്വദേശിയായതിനാലും മുസ്തഫ ഇരിക്കൂർ പരിസരത്തെ ജനപ്രതിനിധികൾക്കും, പൊലീസ്റ്റേഷനിലും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന കൂട്ടായ്മകൾക്കും സന്ദേശം കൈമാറി. എല്ലാവരും പ്രസ്തുത വീട്ടുപേരിലുള്ളയാളെ ഇരിക്കൂർ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. 

ഒടുവിൽ മണിക്കൂറുകൾക്ക് ശേഷം മുസ്തഫയ്ക്ക് ഇതേ  അഡ്രസിലുമുള്ള ഒരാൾ പയ്യാവൂരുണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് മുസ്തഫ അതിന് പുറകെ പോകുകയും വാസുദേവൻ്റെ സഹോദരനെ ഫോൺ മുഖാന്തരം കണ്ടെത്താൻ കഴിയുകയും, അതുവഴി നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ മകനായ കേളകം സ്വദേശി സജീവിനെ ഫോണിൽ കിട്ടുകയുമായിരുന്നു. 22 വർഷത്തോളം വിദേശത്തായിരുന്ന സജീവ് രണ്ട് വർഷം മുമ്പായിരുന്നു നാട്ടിലെത്തിയിരുന്നത്.

വിവരമറിഞ്ഞ സജീവ് വികാരാധീനനായി പതിറ്റാണ്ടുകൾ മുമ്പ് ഉപേക്ഷിച്ച പിതാവിനെ കാണാൻ ഓടിയെത്തുകയായിരുന്നു. മരണാസന്നനായി കിടന്ന പിതാവിന് രണ്ട് തുള്ളി ദാഹജലം നൽകിയതായും അബോധാവസ്ഥയിലായിരുന്ന പിതാവ് തന്നെ ഒരു വട്ടം കണ്ണ് തുറന്ന് നോക്കിയതായും ആ മകൻ വേദനയോടെ ഓർക്കുന്നു.

പിറ്റേന്ന് മറ്റ് കുടുംബാംഗങ്ങളുമായി വരാമെന്ന് തീരുമാനിച്ച് വീട്ടിലേക്ക് മടങ്ങിയ സജീവിന് പിതാവിൻ്റെ മരണവാർത്തയാണ് രാത്രിയോടെ കേൾക്കാൻ കഴിഞ്ഞത്. തുടർന്ന് പെട്ടെന്ന് തന്നെ കണിയാരത്തേക്ക് വന്ന് ഏവരുടേയും സമ്മതത്തോടെ അച്ഛൻ്റെ മൃതദേഹം കേളകത്തെ വീട്ടിലെത്തിച്ച് എല്ലാവിധ ആചാര അനുഷ്ടാനങ്ങളോടും കൂടി സംസ്കരിച്ചു.

ഏതോ ഒരു സ്ഥലത്ത് അനാഥനായി സംസ്കരിക്കപ്പെടേണ്ടിയിരുന്ന പിതാവിനെ തൻ്റെ കരങ്ങളിലേൽപ്പിച്ച മാനന്തവാടി പൊലീസിൻ്റെ നന്മയ്ക്ക് മുന്നിൽ നന്ദിയർപ്പിക്കുകയാണ് സജീവ്. കൂടാതെ നാല് പതിറ്റാണ്ടിന് ശേഷം പ്രിയതമനെ ഇങ്ങനൊരവസ്ഥയിൽ കണ്ടതിൻ്റെ  വേദനയിൽ 
തൻ്റെ അമ്മയ്ക്കുണ്ടായ ആഘാതത്തിൻ്റെ ഓർമ്മയും അദ്ദേഹം പങ്കുവെച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് അന്നേ ദിവസം സിഐ അബ്ദുൾ കരീം സഹപ്രവർത്തക്കായി പങ്കുവെച്ച കുറിപ്പ് വായിക്കാം:

അഭിമാനം

കേട്ട നന്ദി വാക്കുകളിൽ ഏറ്റവും മഹത്തരമെന്ന് തോന്നി ഇന്ന് സജീവ് കേളകം എന്ന പച്ചയായ മനുഷ്യൻ്റെ സംസാരം... വർഷങ്ങൾക്ക് മുമ്പ് തങ്ങളെ ഉപേക്ഷിച്ച് പോയ പിതാവ്.. ഇനി ഒരിക്കലും തിരിച്ച് വരുമെന്നോ കാണുമെന്നോ ഉള്ള പ്രതീക്ഷകൾ മനസ്സിൻ്റെ അങ്ങേ തലക്കൽ പോലും ഇല്ലാതെ കഴിഞ്ഞ സജീവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിതാവിൻ്റെ മരണത്തിന് തൊട്ടുമുമ്പ് കണ്ടെത്തുവാനും മകൻ്റെ കയ്യിൽ നിന്നും ഒരിറ്റ് വെള്ളം വാങ്ങി കുടിച്ച് മരിക്കാനുമു ള്ള ഭാഗ്യം..
സുകൃതം..
എന്നല്ലാതെ ഒന്നും പറയാനില്ല..

ആയിരം അധ്യാപകരെക്കാൾ മഹത്തരമാണ് മകന് പിതാവിൻ്റെ ഉപദേശം..

കയ്യിൽ ചുരുട്ടി പിടിച്ചു അച്ഛൻ കൊണ്ട് വരുന്ന മിഠായി സ്വപ്നം കണ്ടിട്ടില്ലായിരുന്നു ഈ മകൻ.. ഒരു പെൻസിൽ പോലും വാങ്ങി നൽകിയില്ലായിരുന്നു പോലും മകന്..

കാലം
പക്ഷേ..
പിതാവ് എന്ന തീച്ചൂളയിൽ വെന്ത വാക്കിന് ഈ മകനെ അടുത്തെത്തിച്ചു.. മരണത്തിന് തൊട്ടുമുമ്പ് അച്ഛനെ കണ്ടെത്താൻ സഹായിച്ചത് നമ്മുടെ പോലീസ് സ്റ്റേഷനാണ്.. പ്രത്യേകിച്ച് മുസ്ഥഫ എസ്.ഐ.

ആ മകൻ ഇന്ന് ജേതാവാണ്.. വീര പരിവേഷം നമ്മുടെ സ്റ്റേഷനാണ്..

മനുഷ്യബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാനുള്ള സമർപ്പണം ഇനിയും ഉണ്ടാവട്ടെ..
. നമ്മുടെ പ്രവൃത്തികൾ പുണ്യം.. പോലീസ് ദൈവദൂതരാണിന്നാ മനുഷ്യന്..

എല്ലാവർക്കും അഭിനന്ദനങ്ങൾ..സ്നേഹം.

Follow Us:
Download App:
  • android
  • ios