ലക്‌നൗ: കൊവിഡ് 19 ടെസ്റ്റിന് വിധേയനാകാത്തതില്‍ പ്രകോപിതരായി യുവാവിനെ ബന്ധുക്കളായ യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. ദില്ലിയിൽ നിന്ന് യുപിയില്‍ ബിജ്‌നോറിലെ മലക്പൂരില്‍ തിരിച്ചെത്തിയ 23 കാരനാണ് കൊല്ലപ്പെട്ടത്.

മെയ് 19 നാണ് ദിവസ വേതനക്കാരനായ മഞ്ജീത് സിങ് ബിജ്‌നോറില്‍ മടങ്ങിയെത്തിയത്. മടങ്ങിയെത്തിയതിന് ശേഷം തെര്‍മന്‍ സ്‌ക്രീനീങ്ങ് നടത്തിയിരുന്നു. ഇത് നെഗറ്റീവ് ആയിരുന്നതിനാല്‍ യുവാവ് കൊവിഡ് പരിശോധന നടത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

എന്നാൽ, കൊവിഡ് ബാധയുണ്ടെന്ന സംശയത്താല്‍ കസിന്‍സായ കപിലും മനോജും മഞ്ജീതിന്റെ കൊവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മഞ്ജീതിനെ അതിക്രൂരമായ മര്‍ദ്ദിച്ചത്. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ മഞ്ജീതിനെ മീററ്റിലുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.