മരുന്ന് വാങ്ങാൻ എത്തി വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ദില്ലി അമിത വേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ദില്ലിയിലെ മോത്തി നഗറിലെ മെട്രോ സ്‌റ്റേഷന് സമീപം പുലർച്ചെ നാലോടെയാണ് അപകടം. പലചരക്ക് കടയുടമയായ അജയ് ഗുപ്ത (36) എന്നയാളാണ് മരിച്ചത്. മരുന്ന് വാങ്ങാൻ എത്തി വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ ഓടിച്ച യുവതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അശോക് വിഹാർ സ്വദേശിയായ ആർകിടെക്ടാണ് 28കാരിയായ യുവതി. ഗ്രേറ്റർ കൈലാഷിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയിലാണ് കാർ എത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റയാളെ യുവതി തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന് ബന്ധുക്കൾ ഇഎസ്ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സക്കിടെ ഇയാൾ മരണത്തിന് കീഴടങ്ങി. ഒരു പാർട്ടി കഴിഞ്ഞ് യുവതി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട യുവാവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
