സഹോദരിയെ കാണുന്നതിനായാണ് നിഖില്‍ ഗുപ്ത മാതാ മന്ദിറിലെത്തിയതെന്നും കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ് ലൈറ്റുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നും പോലീസ് പറഞ്ഞു

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ കാറിന്‍റെ ഹെഡ് ലൈറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ എസ്ആര്‍പിഎഫ് ജവാന്‍റെ അടിയേറ്റതിന് പിന്നാലെ 54കാരന്‍ മരിച്ചു. 
മാതാ മന്ദിര്‍ സ്വദേശിയായ മുരളീധര്‍ റാമോജി ‌(54) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം. സംഭവത്തില്‍ എസ്ആര്‍പിഎഫ് ജവാനായ നിഖില്‍ ഗുപ്തക്കെതിരെ (30) പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി വദോഡ പോലീസ് സ്റ്റേഷന് പരിധിയിലുള്ള മാതാ മന്ദിറിലാണ് സംഭവം നടന്നത്. സഹോദരിയെ കാണുന്നതിനായാണ് നിഖില്‍ ഗുപ്ത മാതാ മന്ദിറിലെത്തിയതെന്നും കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ് ലൈറ്റുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായതെന്നും പോലീസ് പറഞ്ഞു.

നിഖില്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിന്‍റെ ശക്തമായ വെളിച്ചം സമീപത്തുകൂടെ നടന്നുവരുകയായിരുന്ന മുരളീധര്‍ റാമോജിയുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഹെഡ് ലൈറ്റ് ഡിം ചെയ്യാന്‍ മുരളീധര്‍ റാമോജി നിഖിലിനോട് അഭ്യര്‍ഥിക്കുകയായിരുന്നു. എന്നാല്‍, കാറിന്‍റെ ലൈറ്റ് ക്രമീകരിക്കാന്‍ പറഞ്ഞ മുരളീധരിനോട് നിഖില്‍ തട്ടിക്കയറി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ നിഖില്‍ ഗുപ്ത മുരളീധറിനെ ശക്തമായി അടിച്ചുവെന്നും ഉടനെ മുരളീധര്‍ റാമോജി ബോധംകെട്ട് താഴെ വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താഴെ വീണ മുരളീധറിനെ ഉടന്‍ തന്നെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മുരളീധര്‍ മരിച്ചതെന്നും പോലീസ് പറഞ്ഞു. ചികിത്സയിലിരിക്കെ മുരളീധര്‍ റാമോജി മരിച്ചതോടെ നിഖില്‍ ഗുപ്തക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത മനപ്പൂര്‍വമായ നരഹത്യക്കാണ് പോലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും നിഖില്‍ ഗുപ്തയെ ചോദ്യം ചെയ്യുമെന്നും തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
More stories ...മണിപ്പൂരിൽ കൂടുതൽ സൈനികർ, ആയുധങ്ങള്‍ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടി, താ‌ൽകാലിക ജയിലൊരുങ്ങുന്നു

Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ് #Asianetnews