അതിർത്തി കടക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപായിരുന്നു മരണം.

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് പൌരർ രാജ്യം വിടണമെന്ന ഇന്ത്യയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി കടക്കാൻ എത്തിയ പാക്കിസ്ഥാൻ സ്വദേശി മരിച്ചു. അട്ടാരി അതിർത്തി വഴി പാക്കിസ്ഥാനിലേക്ക് പോകാൻ എത്തിയ അബ്ദുൽ വഹീദ് ഭട്ട് (80) ആണ് മരിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അതിർത്തിയിൽ വച്ച് ബസ്സിൽ കാത്തിരിക്കവേയാണ് മരണം. അതിർത്തി കടക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപായിരുന്നു മരണം.1980ൽ വിസ കാലാവധി അവസാനിച്ച അബ്ദുൾ വഹീദ് അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. മൃതദേഹം ബന്ധുക്കൾ തിരികെ ശ്രീനഗറിലേക്ക് കൊണ്ടുപോയി. 

ഐഎസ്ഐ മേധാവിയെ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ച് പാകിസ്ഥാൻ, അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്

പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ പൗരന്മാരോട് തിരികെ പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി പൂര്‍ണ്ണമായും അവസാനിച്ചതോടെ 786 പാക് പൗരന്മാരാണ് അട്ടാരി-വാഗ അതിർത്തി വഴി ഇന്ത്യ വിട്ടത്. ജമ്മു കശ്മീരിൽ നിന്ന് 24 പേരെ തിരിച്ചയച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേ സമയം, പഹല്‍ഗാം ഭീകരാക്രമണത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിൽ നിര്‍ണായക യോഗങ്ങളും പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സാഹചര്യം വിലയിരുത്തും. ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തിയിൽ ഇന്നും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു, ഉറി, കുപ്വാര, അഖ്നൂർ മേഖലകളിൽ വെടിവെയ്പ്പുണ്ടായി. ഇന്നലെ നാഷേര, സുന്ദർബാനി, അഖ് നൂർ മേഖലകളിൽ വെടിവെയ്പ്പുണ്ടായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സർക്കാർ തുടര്‍നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടിയതായും വിവരമുണ്ട്. 

YouTube video player