വിവാഹ വേദിയിലെ പ്രാങ്കാണെന്ന ധാരണ സെക്കന്റുകൾക്കുള്ളിൽ മാറി. സുഹൃത്തിന്റെ വിവാഹ വേദിയിൽ ഉറ്റ ചങ്ങാതിക്ക് ദാരുണാന്ത്യം

കുർണൂൽ: അടുത്ത സുഹൃത്തിന് വിവാഹ സമ്മാനം നൽകുന്നതിനിടെ കുഴഞ്ഞ് വീണ യുവാവിന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം. ബെംഗളൂരുവിൽ ആമസോണിൽ ജീവനക്കാരനായ വംശി എന്ന യുവാവാണ് സുഹൃത്തിന്റെ വിവാഹ ദിനത്തിൽ ഹൃദയാഘാതത്തേ തുടർന്ന് മരിച്ചത്. നിരവധി ആളുകൾ നോക്കി നിൽക്കുന്നതിനിടെയാണ് യുവാവ് വിവാഹ വേദിയിൽ കുഴഞ്ഞ് വീണത്. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എന്തോ പ്രാങ്ക് ആണെന്ന് കരുതിയ സംഭവത്തിന്റെ സ്വഭാവം പെട്ടന്നാണ് മാറിയത്. 

നവദമ്പതികൾക്ക് സമ്മാനം നൽകാനായി വേദിയിൽ എത്തിയതായിരുന്നു വംശിയും സുഹൃത്തുക്കളും. നവ വരൻ വിവാഹ സമ്മാനം തുറന്ന് നോക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മുന്നോട്ട് ആയുകയും പിന്നാലെ സുഹൃത്തിനെ പിടിക്കാൻ ആയുകയും ചെയ്തതിന് പിന്നാലെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു. തുടക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായില്ലെങ്കിലും തമാശ അല്ലെന്ന് വ്യക്തമായതോടെ യുവാവിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Scroll to load tweet…

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി വംശി ബെംഗളൂരുവിൽ നിന്ന് പെനുമാടയിലെത്തിയതായിരുന്നു. ദോൺ സിറ്റി ആശുപത്രിയിൽ എത്തിച്ച യുവാവിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവത്തിൽ വിവാഹ ആഘോഷങ്ങൾ പുരോഗമിക്കുന്നതിനിടെ ഹത്രാസിലെ ഭോജ്പൂരിൽ 22 വയസ് മാത്രമുള്ള വരൻ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. വിവാഹദിനത്തിന് തലേന്നായിരുന്നു യുവാവിന്റെ ദാരുണാന്ത്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം