താനെ: ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെയുള്ള ഭിവണ്ടിയിലാണ് സംഭവം. സകീന എന്ന യുവതിയെയാണ് ആമിർ മുക്താർ എന്നയാൾ മുത്തലാഖ് ചൊല്ലിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആമിറിന് പുറമേ  അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് തന്നെ നിരന്തരം ഭർതൃ വീട്ടുകർ ഉപദ്രവിച്ചിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. 2016 മെയ് 28നാണ് സകീനയും ആമിറും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 15 ദിവസം വരെയും വളരെ സന്തുഷ്ടമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാൽ ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭർതൃ മാതാവ് മാനസികമായി പീഡിപ്പിക്കുവാൻ തുടങ്ങിയെന്ന് സകീന ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതിനിടയിൽ ഒരു ജോലി ലഭിക്കുകയും കുടുംബത്തിന് സാമ്പത്തികമായി സഹായം നൽകാമെന്ന് ഞാൻ ഭർതൃ മാതാവിനോട്
പറഞ്ഞു. ഇതോടെ എല്ലാ കാര്യങ്ങളും പുർവ്വസ്ഥിതിയിലായതായും യുവതി കൂട്ടിച്ചേർത്തു. 

എന്നാൽ പ്രസവ ആവശ്യത്തിനായി  തന്റെ വീട്ടിൽ പോയതോടെ കാര്യങ്ങൾ വീണ്ടും തകിടം മറിയുകയായിരുന്നു. തിരികെ വീട്ടിലേയ്ക്ക് തന്നെ സ്വീകരിക്കാൻ ഭർതൃ വീട്ടുകാർ മുതിർന്നില്ലെന്നും സകീന മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി  വീണ്ടും യുവതി ഭർതൃ വിട്ടിലേയ്ക്ക് പോയെങ്കിലും ഉപദ്രവവും പീഡനവും തുടർന്നു. ഒപ്പം പരസ്പരം വേർപിയാമെന്ന് ആമിർ പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു. 

ഇതോടെയാണ് സകീന ഭർത്താവിനെതിരെയും വീട്ടുകർക്കെതിരെയും പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.