കൊൽക്കത്ത: കത്തുന്ന സിഗരറ്റുമായി ഉറങ്ങിയ വൃദ്ധൻ കിടക്കയ്ക്ക് തീ പിടിച്ച് മരിച്ചു. കൊൽക്കത്തയിലെ  മുൻഷിഗഞ്ച് സ്വദേശിയായ എം ഡി ഇല്ല്യാസ് (74) എന്നയാളാണ് മരിച്ചത്. കത്തുന്ന സിഗരറ്റുമായി ഉറങ്ങി പോയതാണ് അപകടത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് സംഭവം നടന്നത്. തുടര്‍ച്ചയായി പുകവലിക്കുന്ന ആളാണ് ഇല്ല്യാസെന്ന് പൊലീസ് പറയുന്നു. പുകവലിക്കുന്നതിനിടെ ഇയാള്‍ ഉറങ്ങിപ്പോകുകയായിരുന്നു. ഇത് കിടക്കയ്ക്ക് തീപിടിക്കാൻ കാരണമായി. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിൽ സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മറ്റ് ഇടപെടൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുവെന്നും പൊലീസ് വ്യക്തമാക്കി.