മെട്രോ യാത്രക്കിടെ പതിവിലും തിരക്കുള്ള സമയത്ത് കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് സുഹൃത്ത്

പൊതുവഴികളിലും പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോഴുമെല്ലാം സ്ത്രീകള്‍ പല തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. ബസിലും ഓട്ടോയിലും മെട്രോയിലും വിമാനത്തില്‍ വരെയും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. മെട്രോ യാത്രക്കിടെ കോളജ് വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു സുഹൃത്ത്. ബെംഗളൂരു മെട്രോയില്‍ തിരക്കേറിയ സമയത്തുണ്ടായ അനുഭവമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെ പങ്കുവെച്ചത്.

സാധാരണയായി ബസ്സില്‍ യാത്ര ചെയ്യാറുള്ള വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം മെട്രോയിലാണ് കോളേജിലേക്ക് പോയത്. രാവിലെ 8.50 ഓടെ മജെസ്റ്റികില്‍ എത്തിയപ്പോള്‍ പതിവിലും കൂടുതല്‍ തിരക്കുണ്ടായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുണ്ടായിരുന്നവര്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകളെ കയറ്റിവിട്ടെന്ന് പെണ്‍കുട്ടി കുറിച്ചു. വൈകാതെ തന്‍റെ സുഹൃത്തിന് എന്തോ അസ്വസ്ഥത തോന്നി. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. തൊട്ടുപിന്നില്‍ നിന്ന ചുവന്ന ഷര്‍ട്ട് ധരിച്ചയാള്‍ തന്‍റെ പിറകുവശത്ത് സ്പര്‍ശിച്ചതും കടന്നുപിടിച്ചതും വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞു. ഉടനെ പെണ്‍കുട്ടി തിരിഞ്ഞുനിന്ന് ഉച്ചത്തില്‍ അലറിവിളിച്ചു. സഹായത്തിനായി കരഞ്ഞു. എന്നാല്‍ ആരും വകവെച്ചില്ല. അതിനിടെ അയാള്‍ ആള്‍ക്കൂട്ടത്തിനിടെയിലൂടെ രക്ഷപ്പെടുകയും ചെയ്തു.

മാളിൽ സ്ത്രീകളുടെ വസ്ത്രത്തിനടിയിലേക്ക് സൂം ചെയ്ത് ദൃശ്യം പകർത്തി, ഹെൽമറ്റിൽ ക്യാമറ, കയ്യോടെ പൊക്കി യുവതി

ഈ സംഭവം തന്‍റെ കൂട്ടുകാരിയെ പരിഭ്രാന്തയാക്കിയെന്നും അതിന്‍റെ ആഘാതത്തിലാണ് ഇന്നും അവളെന്നും സുഹൃത്ത് കുറിച്ചു. ഇനി എന്താണ് ചെയ്യാനാവുക എന്നും പെണ്‍കുട്ടി ആരാഞ്ഞു. ആ ദൃശ്യങ്ങള്‍ കിട്ടുമോയെന്നും മെട്രോയ്ക്കുള്ളില്‍ സിസിടിവി ക്യാമറകളുണ്ടോയെന്നും പെണ്‍കുട്ടി ചോദിച്ചു. നിരവധി പേര്‍ പ്രതികരണവുമായി എത്തി. മെട്രോ പൂര്‍ണമായി ക്യാമറ നിരീക്ഷണത്തിലാണെന്നും അതിനാല്‍ ഉടനെ സ്റ്റേഷന്‍ മാനേജരെ ബന്ധപ്പെടാനും ഒരാള്‍ നിര്‍ദേശിച്ചു. എത്രയും പെട്ടെന്ന് പരാതിപ്പെടാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ഉറപ്പാക്കാനും ചിലര്‍ നിര്‍ദേശിച്ചു. ഇത് സാധാരണ സംഭവമല്ലേ പരാതിപ്പെട്ടിട്ടൊന്നും കാര്യമില്ലെന്ന് പറയുന്നവരെ അവഗണിക്കാനാണ് ഒരാള്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിക്ക് മാനസിക പിന്തുണ നല്‍കണമെന്നും എത്രയും പെട്ടെന്ന് ആഘാതത്തില്‍ നിന്ന് കരകയറട്ടെയെന്നും ചിലര്‍ ആശംസിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം