മുംബൈയിലെ താനെയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ മോഷണ ശ്രമം തടയുന്നതിനിടെ താഴെ വീണ യുവാവിന് പരിക്ക്

മുംബൈ: ട്രെയിനിൽ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴെ വീണ യുവാവിന് ഗുരുതര പരിക്ക്. മുംബൈയിലെ താനെയിൽ ഷഹാദ് - ആംബിവാലി സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. ആരോ തൻ്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ താൻ വീണുപോയെന്നുമാണ് പരിക്കേറ്റ ഗൗരവ് നികം പൊലീസിനോട് പറഞ്ഞത്.

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് താഴെ വീണ യുവാവിൻ്റെ കാലുകൾ പാളത്തിലേക്ക് വീണതിനാലാണ് ഗുരുതര പരിക്കേറ്റത്. രണ്ട് കാലുകൾക്കും പരിക്കുണ്ട്. ഒരു കാൽ അറ്റുപോകാറായ നിലയിലാണ്. ഇയാളെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

സംഭവത്തിൽ കല്യാണിലെ ഗവൺമെൻ്റ് റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി. യുവാവിൻ്റെ ഫോൺ തട്ടിപ്പറിച്ചയാളെ കണ്ടെത്താനാണ് ശ്രമം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് നിത്യ സംഭവമാണെന്ന് പൊലീസ് പറയുന്നു. ഇതിന് പിന്നിൽ ലഹരിക്കടിമകളായ സംഘങ്ങളാണെന്നാണ് പൊലീസിൻ്റെ സംശയം.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ മാത്രം മഹാരാഷ്ട്രയിൽ 26000 സെൽഫോണുകൾ മോഷണം പോയെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 മെയ് മാസം വരെ മാത്രം മുംബൈയിൽ 3508 ഫോണുകൾ മോഷണം പോയി. 2023 ൽ 12159 ഫോണുകളും 2024 ൽ 10891 ഫോണുകളും മോഷണം പോയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.