Asianet News MalayalamAsianet News Malayalam

നിരീക്ഷണത്തിലുള്ളയാള്‍ ചാടിപ്പോയി മുടിവെട്ടി; ആറ് പേര്‍ക്ക് കൊവിഡ് ബാധിച്ചു

മുടിവെട്ടുമ്പോള്‍ ഒരേ തുണി ഉപയോഗിച്ചതാണോ അതോ നേരിട്ടുള്ള സമ്പര്‍ക്കമാണോ രോഗ്യവ്യാപനത്തിന് കാരണമായതെന്ന് ഉറപ്പാക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഗോപാല്‍ ചന്ദ്ര പറഞ്ഞു. ഇന്‍ഡോറില്‍ നിന്ന് കൊവിഡ് ബാധിച്ച രോഗിയാണ് ചാടിപ്പോയത്.

man jumps quarantine and gets haircut infects covid 19 to six
Author
Bhopal, First Published Apr 27, 2020, 11:04 AM IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊവിഡ് 19 ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാള്‍ ചാടിപ്പോയി മുടിവെട്ടിയ സംഭവം സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്നു. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലുണ്ടായിരുന്നയാളാണ് ചാടിപ്പോയത്. ഇയാള്‍ മുടിവെട്ടിയതിന് ശേഷം അതേ ബാര്‍ബറിന്‍റെ അടുത്തെത്തിയ ആറ് പേര്‍ക്ക് കൊവിഡ് ബാധിച്ചു. മുടിവെട്ടുമ്പോള്‍ ഒരേ തുണി ഉപയോഗിച്ചതാണോ അതോ നേരിട്ടുള്ള സമ്പര്‍ക്കമാണോ രോഗ്യവ്യാപനത്തിന് കാരണമായതെന്ന് ഉറപ്പാക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഗോപാല്‍ ചന്ദ്ര പറഞ്ഞു.

ഇന്‍ഡോറില്‍ നിന്ന് കൊവിഡ് ബാധിച്ച രോഗിയാണ് ചാടിപ്പോയത്. ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ സഹപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇയാളെ ക്വാറന്‍റൈനിലാക്കിയത്. എന്നാല്‍, ബട്ഗോണില്‍ നിന്ന് ഇയാള്‍ ചാടിപ്പോവുകയായിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ റോഡുകള്‍ അടച്ചിരുന്നു.

ഇതോടെ കാടിനകത്തുള്ള വഴിയിലൂടെയാണ് ഇയാള്‍ കടന്നത്. വഴിമധ്യേ സഹോദരീഭര്‍ത്താവിനെ വിളിച്ച് മോട്ടോര്‍ സൈക്കിളുമായി എത്താന്‍ ആവശ്യപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. പിറ്റേന്നാണ് ഇയാള്‍ ബാര്‍ബറിന്‍റെ അടുത്തെത്തി മുടിവെട്ടിയതെന്ന് ജില്ലാ സൂപ്രണ്ട് ഓഫ് പൊലീസ് സുനില്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.

പ്രദേശവാസികളാണ് ഇന്‍ഡോറില്‍ നിന്ന് ഇയാള്‍ തിരിച്ചെത്തിയെന്ന് അധികൃതരെ വിവരം അറിയിച്ചത്. ഖര്‍ഗോണില്‍ കൊവിഡ് സ്ഥിരീകരിച്ച അവസാന ഏഴ് പേര്‍ക്കും രോഗം ബാധിച്ചത് ഇയാളില്‍ നിന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍  പ്രദേശം ആകെ അടച്ചിട്ടിരിക്കുകയാണ്.

വീട്ടില്‍ ജോലി ചെയ്തിരുന്നയാളുടെ അടുത്തെത്തിയാണ് ഇയാള്‍ മുടിവെട്ടിയത്. സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമമാണെന്നും ഇപ്പോള്‍ ബാര്‍ബറുടെ അടക്കം 12 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചതായും അധികൃതര്‍ അറിയിച്ചു. ഓരോ തവണ മുടിവെട്ടി കഴിയുമ്പോഴും ബാര്‍ബര്‍ സ്വയം ശുചിയാക്കിയിരുന്നു. ഇതുകൊണ്ട് ഇയാള്‍ക്ക് രോഗം ബാധിച്ചിരിക്കില്ലെന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios