ചമോലി ജില്ലയിലെ ​ഗോപേശ്വറിലെ വൃദ്ധമന്ദിരത്തിൽ നിന്നാണ് പൊലീസ് അൻസാരിയെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടുത്തെ അന്തേവാസിയായിരുന്നു ഇയാൾ. 

കേദാർനാഥ്: അയാൾ മരിച്ചെന്നാണ് വീട്ടുകാരെല്ലാവരും കരുതിയത്, ജമീൽ അഹമ്മദ് അൻസാരി എന്ന അറുപത്തിരണ്ട് വയസ്സുള്ള വൃദ്ധൻ. എന്നാൽ ആറ് വർഷങ്ങൾ‌ക്ക് ശേഷം വിധി അയാളെ വീണ്ടും കുടുംബാം​ഗങ്ങൾക്കൊപ്പമെത്തിച്ചു. കാണാതായവരെ കണ്ടെത്തുന്നതിനായി ഉത്തരാഖണ്ഡ‍് പൊലീസ് രൂപീകരിച്ച ഓപ്പറേഷൻ സ്മൈൽ ആണ് അൻസാരിയെ തിരികെയെത്തിച്ചത്. 2013ൽ കേദാർനാഥിലുണ്ടായ വെള്ളപ്പൊക്കം നിരവധി ജീവനുകൾ അപഹരിച്ചിരുന്നു. അതിലൊരാളായി അൻസാരിയും ഉണ്ടായിരുന്നു എന്നായിരുന്നു വീട്ടുകാരുടെ ധാരണ. 

ചമോലി ജില്ലയിലെ ​ഗോപേശ്വറിലെ വൃദ്ധമന്ദിരത്തിൽ നിന്നാണ് പൊലീസ് അൻസാരിയെ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടുത്തെ അന്തേവാസിയായിരുന്നു ഇയാൾ. സ്വന്തം നാടായ സീതാർ​ഗഞ്ചിലേക്ക് തിരികെ വരാൻ പണമില്ലാത്തത് കൊണ്ടാണ് അയാൾ അവിടെത്തന്നെ താമസിക്കാമെന്ന് തീരുമാനിച്ചത്. അൻസാരിയുടെ കുടുംബാം​ഗങ്ങളെ കണ്ടത്താൻ പൊലീസ് ഉദ്യോ​ഗസ്ഥരാണ് സഹായിച്ചത്. അവർ ഇയാളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ചിത്രം പ്രചരിച്ചതിനെ തുടർന്ന് അൻസാരിയുടെ മരുമകൻ ഇയാളെ തിരിച്ചറിയുകയായിരുന്നു. 

''തിരികെ വരാൻ എന്റെ കൈവശം പണമില്ലായിരുന്നു. പ്രളയം വരുന്ന സമയത്ത് ഞാൻ നിർമ്മാണത്തൊഴിലാളിയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഈ വൃദ്ധസദനത്തിലാണ് താമസം. എന്റെ കുടുംബത്തിലേക്ക് തിരികെ വരാൻ സാധിക്കുമെന്ന് ഞാൻ കരുതിയതേയില്ല. തിരിച്ചെത്തിയതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാനിനി എങ്ങോട്ടും പോകുന്നില്ല.'' അൻസാരി പറയുന്നു. 

ജനുവരി ഒന്നിനാണ് അൻസാരി വീട്ടിൽ തിരികെയെത്തിയത്. ഭാര്യ മോബിൻ അൻസാരിയും മൂത്ത മകനും ​ഗോപേശ്വറിലെത്തി ഇയാളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ''ഞാൻ അദ്ദേഹത്തെ എല്ലായിടത്തും അന്വേഷിച്ചിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയത്തിലാണ് അദ്ദേഹത്തെ കാണാതാകുന്നത്. പൊലീസ് ഫോട്ടോ പരസ്യപ്പെടുത്തിയപ്പോൾ ഒരു ബന്ധുവാണ് ഞങ്ങളെ വിവരമറിയിച്ചത്. അദ്ദേഹത്തെ അന്വേഷിക്കാൻ ഞങ്ങൾ ധാരാളം പണം ചെലവാക്കി‌യിരുന്നു.'' അൻസാരിയുടെ ഭാര്യ മൊബിൻ അൻസാരി പറഞ്ഞു.