ദില്ലി: ഇന്ന് ഓൺലൈൻ ഷോപ്പിം​ഗ് രീതി പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാ​ഗം പേരും. ഇത്തരം ഷോപ്പിം​ഗ് സൈറ്റുകളിലൂടെ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് സോപ്പ് കട്ടയൊക്കെ ലഭിക്കുന്ന സംഭവങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പലപ്പോഴും കൂടുതൽ പണം കൊടുത്ത് ഓർഡർ ചെയ്യുന്ന സാധനങ്ങൾക്ക് ലഭിക്കുന്നത് 
കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളാകും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

300 രൂപയുടെ സ്കിൻ ലോഷൻ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് 19,000 രൂപയുടെ ഹെഡ്ഫോണാണ്‌. അതും തിരിച്ചുകൊടുക്കാന്‍ പറ്റാത്തത്. ഗൗതം റെഗേയെന്ന ഉപഭോക്താവിനാണ് ഇങ്ങനൊയൊരു 'സമ്മാനം' ലഭിച്ചത്. ആമസോണിലൂടെയാണ് ഗൗതം സ്കിൻ ലോഷൻ ഓർഡർ ചെയ്തത്. ലഭിച്ചതാകട്ടെ ബോസ് കമ്പനിയുടെ 19,000 രൂപയുടെ ഇയര്‍ബഡ്സും. 

പിന്നാലെ ​ഗൗതം കസ്റ്റമര്‍കെയറെ ബന്ധപ്പെട്ടുവെങ്കിലും പ്രൊഡക്ട് തിരിച്ചെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇക്കാര്യം ​ഗൗതം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഹെഡ്ഫോണിന്റെ ചിത്രം സഹിതമാണ് ​ഗൗതം ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ലോഷന്റെ പണം കമ്പനി തിരികെ നല്‍കിയതായും അദ്ദേഹം പറയുന്നു. ട്വീറ്റ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതു സംബന്ധിച്ച് രസകരമായ ട്രോളുകളും ട്വിറ്ററില്‍ നിറയുന്നുണ്ട്.