Asianet News MalayalamAsianet News Malayalam

ലോക്ക്ഡൌണിനിടയില്‍ വന്‍തുക ചെലവിട്ട് നാട്ടിലെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ

ലോക്ക്ഡൌണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇയാള്‍ അസമില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ച്ചയായി ലോക്ക്ഡൌണ്‍ നീട്ടുകയും നിയന്ത്രണങ്ങളില്‍ അയവ് വരാതിരിക്കുകയും ചെയ്തതോടെ ഇയാള്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

Man pays Rs 30000 to reach home denied entry into his house
Author
Agartala, First Published May 12, 2020, 11:38 AM IST

ത്രിപുര:  ലോക്ക്ഡൌണ്‍ കാലത്ത് വന്‍തുക ചെലവിട്ട് വീട്ടിലെത്തിയ ഭര്‍ത്താവിനെ വീട്ടില്‍  കയറ്റാതെ ഭാര്യ. ത്രിപുരയിലാണ് സംഭവം. അസമില്‍ നിന്ന് 30000 രൂപ ചെലവിട്ടാണ് 37കാരനായ ഗൊബീന്ദ ദേബ്നാഥ് അഗര്‍ത്തലയില്‍ എത്തിയത്. കൊവിഡ് പരിശോധനയില്‍ ഇയാള്‍ നെഗറ്റീവാണെന്നും വ്യക്തമായിരുന്നു.  അസമിലുള്ള ഭാര്യ സഹോദരനെ കാണാന്‍ പോയതായിരുന്നു ഇയാള്‍.

ലോക്ക്ഡൌണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇയാള്‍ അസമില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ച്ചയായി ലോക്ക്ഡൌണ്‍ നീട്ടുകയും നിയന്ത്രണങ്ങളില്‍ അയവ് വരാതിരിക്കുകയും ചെയ്തതോടെ ഇയാള്‍ വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കാറിലാണ് ഇയാല്‍ അസമില്‍ നിന്ന് മടങ്ങിയത്. അഗര്‍ത്തലയില്‍ എത്തിയ ഇയാളെ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇയാളോട് ത്രിപുര അസം അതിര്‍ത്തിയിലുളഅള ചുരൈബാരി എന്ന സ്ഥലത്തെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് പോകാന്‍  അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. 

എന്നാല്‍ ഇയാള്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് പോകാതെ വീട്ടിലേക്ക് എത്തുകയായിരുന്നു. ഇതോടെയാണ് ഭാര്യ കടുത്ത നിലപാട് സ്വീകരിച്ചത്. കുഞ്ഞിനും പ്രായമായ അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നതെന്നും അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കില്ലെന്നും നിലപാടെടുത്ത ഭാര്യ ഇയാളെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. ഭാര്യമാതാവിന് സര്‍ക്കാര്‍ പദ്ധതിയില്‍ ലഭിച്ച ഫ്ലാറ്റിലായിരുന്നു ഗൊബീന്ദ ദേബ്നാഥ് താമസിച്ചിരുന്നത്. 

നിലവിലെ സാഹചര്യത്തില്‍ വീട്ടിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പറയുന്നു. എന്നാല്‍ ഫ്ലാറ്റിലെ മറ്റ് താമസക്കാരുടെ സമ്മര്‍ദ്ദം മൂലമാണ് ഭാര്യ വീട്ടില്‍ കയറ്റാത്തതെന്നാണ് ദേബ്നാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. കാര്യങ്ങളില്‍ ഫ്ലാറ്റിലെ മറ്റ് താമസക്കാര്‍ കൂടി ഇടപെട്ടതോടെ തര്‍ക്കമായി. ഇതോടെ പൊലീസും ആരോഗ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുംചേര്‍ന്ന് ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios