ബം​ഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ ഔദ്യോ​ഗിക വസതിക്ക് മുന്നിൽ കുടുംബത്തിനൊപ്പം എത്തി യുവാവിന്റെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി യുവാവ് സംഘർഷം സൃഷ്ടിച്ചത്. മകന് കടുത്ത പനിയാണെന്നും ആശുപത്രിയിൽ ഒരിടത്തും പ്രവേശനം ലഭിക്കുന്നില്ലെന്നുമാണ് യുവാവ് വീടിന് മുന്നിൽ‌ വന്ന് രോഷത്തോടെ വിളിച്ചു പറഞ്ഞത്. ഓദ്യോ​ഗിക വസതിക്ക് എതിരെ ഇയാളും കുടുംബവും നിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. 

എനിക്ക് സുഖമില്ല. എന്റെ മകന് കടുത്ത പനിയുണ്ട്. ഒരിടത്തും കിടക്ക ലഭിക്കുന്നില്ല. യുവാവ് ആക്രോശിക്കുന്നതായി വീഡിയോയിൽ കേൾക്കാൻ കഴിയും. അതേ സമയം യെദിയൂരപ്പയുടെ സഹായി യുവാവിന്റെ വാക്കുകളെ നിഷേധിക്കുന്നു. ഇയാൾ ആശുപത്രികളിലൊന്നും പോയിട്ടില്ലെന്നും നേരെ മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ് വന്നതെന്നും സഹായി വ്യക്തമാക്കി. 'അയാൾ ആശുപത്രിയിൽ പോയിട്ടില്ല. കയ്യിൽ പണമില്ലാത്തത് കൊണ്ട് നേരെ ഇങ്ങോട്ടാണ് വന്നത്. ' കുടുംബത്തെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സജ്ജമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യമാണുളളത്. ആശുപത്രിയിൽ രോ​ഗികൾക്ക് പ്രവേശനം ലഭിക്കുന്ന കാര്യത്തിലും പ്രതിസന്ധി നേരിടുന്നുണ്ട്. കൂടുതൽ കേസുകൾ പുറത്തു വരുന്ന സാഹചര്യത്തിൽ‌ ബം​ഗളൂരുവിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.