Asianet News MalayalamAsianet News Malayalam

കുളിക്കുന്നതിനിടെ വയോധികനെ മുതല പിടിച്ചു, പിറ്റേന്ന് മൃതദേഹാവശിഷ്ടം നദിക്കരയില്‍, വിറങ്ങലിച്ച് നാട്

കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മുതലയുടെ ആക്രമണം ഉണ്ടായത്. കുളിക്കാന്‍ പോയ വയോധികന്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങിയെത്താത്തിനെതുടര്‍ന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും തിരച്ചില്‍ നടത്തുകയായിരുന്നു

Man snatched by crocodile, half eaten-body found
Author
First Published Sep 23, 2023, 12:24 PM IST | Last Updated Sep 23, 2023, 12:27 PM IST

ഭുവനേശ്വര്‍: മുതലയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. ഒഡീഷയിലെ ഭിതാർകനിക നാഷണൽ പാർക്കിന് സമീപമുള്ള രാജ്പുര്‍ ഗ്രാമത്തിലെ ബനമാലി പാത്ര (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ബ്രഹ്മണി നദിക്ക് സമീപമാണ് സംഭവം. 65കാരനെ ആക്രമിച്ചശേഷം മുതല പുഴയിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് നദിക്കരയില്‍ മൃതദേഹത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ പാതി മുതല തിന്ന നിലയിലായിരുന്നു. മൂന്നാഴ്ച മുമ്പ് ഇതേ ഗ്രാമത്തിലെ അഭയ റൗത്ത് (62) എന്നയാളും മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബ്രഹ്മണി നദിയില്‍ വൈകിട്ട് കുളിക്കാന്‍ പോയതിനിടെയാണ് ബനമാലി പാത്രയെ മുതല ആക്രമിച്ചത്. കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മുതലയുടെ ആക്രമണം ഉണ്ടായത്. കുളിക്കാന്‍ പോയ വയോധികന്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങിയെത്താത്തിനെതുടര്‍ന്ന് കുടുംബാംഗങ്ങളും അയല്‍ക്കാരും തിരച്ചില്‍ നടത്തുകയായിരുന്നു. പുഴയുടെ സമീപത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിറ്റേ ദിവസം രാവിലെ ഗ്രാമവാസികളില്‍ ചിലരാണ് വയോധികന്‍റെ മൃതദേഹാവിഷ്ടം നദിക്കരയില്‍ കണ്ടെത്തിയത്.സംഭവത്തെതുടര്‍ന്ന് രാജ്പുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റാണി മഞ്ജരി സേതി സ്ഥലത്തെത്തി. സംഭവം ഗ്രാമവാസികളില്‍ ഞെട്ടലുണ്ടാക്കിയെന്നും ഭിതാര്‍കനികയില്‍ മുതലകളുടെ എണ്ണം വലിയരീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇത് ആശങ്ക ഉയര്‍ത്തുന്നതാണെന്നും മഞ്ജരി സേതി പറഞ്ഞു. മുതലകളുടെ എണ്ണം വലിയരീതിയില്‍ വര്‍ധിച്ചിട്ടും ദംദമലിലെ ബ്രീഡിങ് സെന്‍ററില്‍നിന്ന് പുഴയിലേക്ക് കൂടുതല്‍ മുതലക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിക്ഷേപിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

സംഭവത്തില്‍ വയോധികന്‍റെ കുടുംബാംഗങ്ങള്‍ രാജ്നഗര്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനുശേഷം മരിച്ചയാളുടെ കുടുംബത്തിന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ പറഞ്ഞു. മുതലകള്‍ ആളുകളെ ആക്രമിക്കാതിരിക്കാന്‍ ബിതാര്‍കനിക നാഷനല്‍  പാര്‍ക്കിന്‍റെ 120ഓളം ഇടങ്ങളില്‍ വനംവകുപ്പ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മുതലകളുടെ ആക്രമണം ഉണ്ടാകാതിരിക്കാന്‍ പുഴകളില്‍ സ്ഥാപിച്ച പ്രത്യേക ബാരിക്കേഡിനുള്ളില്‍ ഇറങ്ങി മാത്രമെ കുളിക്കാന്‍ പാടുകയുള്ളുവെന്നാണ് നിര്‍ദേശം. നിരവധി മുതലകളുള്ള മേഖലയായതിനാല്‍ തന്നെ സുരക്ഷിതമല്ലാത്തയിടങ്ങളില്‍ ഇറങ്ങരുതെന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും അധികൃതര്‍ അറിയിച്ചു. ബിതാര്‍കനിക നാഷനല്‍ പാര്‍ക്കിലായി ആകെ 1,793ലധികം മുതലകളുള്ളതായാണ് കണക്ക്.
 

Latest Videos
Follow Us:
Download App:
  • android
  • ios