ഒഡിഷയിലെ കിയോഞ്ജർ ജില്ലയിൽ, മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ സഹോദരൻ അവരുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി. ബാങ്ക് അധികൃതർ അക്കൗണ്ട് ഉടമയെ നേരിട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള നിരാശയിലാണ് ഇയാൾ ഇത് ചെയ്തത്. ഒടുവിൽ പോലീസ് ഇടപെട്ട് പണം ലഭ്യമാക്കാൻ ആവശ്യമായ സഹായം നൽകാമെന്ന് ഉറപ്പുനൽകി.

ഭുവനേശ്വർ: ഒഡിഷയിലെ കിയോഞ്ജർ ജില്ലയിൽ മരിച്ചുപോയ സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. കിയോഞ്ജർ ജില്ലയിലെ മലിപോസിയിലുള്ള ഒഡിഷ ഗ്രാമീൺ ബാങ്ക് ശാഖയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഡിയാനാലി ഗ്രാമവാസിയായ ജീതു മുണ്ട (50) എന്നയാളാണ് തന്‍റെ മരിച്ചുപോയ സഹോദരി കർല മുണ്ടയുടെ (56) അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് മാസം മുമ്പ് അസുഖം ബാധിച്ചാണ് കർല മുണ്ട മരിച്ചത്. തന്‍റെ കന്നുകാലികളെ വിറ്റ് സമ്പാദിച്ച 20,000 രൂപ ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നു. മറ്റ് നിയമപരമായ അവകാശികളില്ലാത്തതിനാൽ പണം പിൻവലിക്കാൻ ജീതു മുണ്ട പലതവണ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ മരണ സർട്ടിഫിക്കറ്റും മറ്റ് ഔദ്യോഗിക രേഖകളും ഹാജരാക്കിയാൽ മാത്രമേ പണം നൽകാൻ കഴിയൂ എന്ന് ബാങ്ക് അധികൃതർ നിലപാടെടുത്തു.

ജീതു മുണ്ട പറയുന്നത്

"പണം പിൻവലിക്കണമെങ്കിൽ അക്കൗണ്ട് ഉടമയെ നേരിട്ട് കൊണ്ടുവരണമെന്നാണ് ബാങ്കിലുള്ളവർ എന്നോട് പറഞ്ഞത്. അവൾ മരിച്ചുപോയെന്ന് ഞാൻ പലതവണ പറഞ്ഞിട്ടും അവർ കേട്ടില്ല. ഒടുവിൽ മരിച്ചുവെന്ന് തെളിയിക്കാൻ മറ്റ് വഴികളില്ലാത്തതിനാലും നിരാശകൊണ്ടുമാണ് ഞാൻ ശ്മശാനത്തിൽ നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ കൊണ്ടുവന്നത്." - അദ്ദേഹം പറഞ്ഞു.

സംഭവമറിഞ്ഞ് പതാന പൊലീസ് ഇൻസ്പെക്ടർ കിരൺ പ്രസാദ് സാഹു ബാങ്കിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ജീതുവിന് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നും ബാങ്ക് നടപടിക്രമങ്ങൾ ഇയാൾക്ക് ലളിതമായി വിശദീകരിച്ചു നൽകുന്നതിൽ ബാങ്ക് അധികൃതർക്ക് വീഴ്ച പറ്റിയെന്നും പൊലീസ് പറഞ്ഞു. പണം ലഭ്യമാക്കാൻ ആവശ്യമായ സഹായം നൽകാമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് അസ്ഥികൂടം വീണ്ടും സംസ്കരിച്ചു. കർല മുണ്ടയുടെ അക്കൗണ്ടിൽ നൽകിയിരുന്ന നോമിനിയും നേരത്തെ മരിച്ചുപോയതിനാൽ ജീതു മുണ്ട മാത്രമാണ് ഇപ്പോൾ ആ പണത്തിന് അവകാശിയെന്ന് ബാങ്ക് വൃത്തങ്ങൾ സ്ഥിരീകരിച്ചു. നിയമപരമായ തടസങ്ങൾ നീക്കി പണം എത്രയും വേഗം ജീതുവിന് കൈമാറാൻ പ്രാദേശിക ഭരണകൂടം ബാങ്ക് അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.