കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് പോയ സ്വകാര്യ ബസ് ഡ്രൈവർ മദ്യലഹരിയിൽ അപകടകരമായി ഓടിച്ച് ഭീതി പരത്തി. തെൻമലയിൽ വെച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച് നിർത്താതെ പോയ ബസ്, ആര്യങ്കാവിനടുത്ത് വെച്ച് നാട്ടുകാരും യാത്രക്കാരും ചേർന്ന് തടയുകയും ഡ്രൈവറെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
കൊല്ലം: കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന അന്തർസംസ്ഥാന സ്വകാര്യ ബസ് ഡ്രൈവർ മദ്യലഹരിയിൽ യാത്രക്കാരെയും മറ്റു വാഹനങ്ങളെയും മുൾമുനയിലാക്കി. തമിഴ്നാട് സ്വദേശിയായ വെട്രി ട്രാവൽസിന്‍റെ ബസാണ് തെൻമലയ്ക്കും ആര്യങ്കാവിനും ഇടയിൽ അപകടകരമായ രീതിയിൽ പാഞ്ഞത്. കൊല്ലത്ത് നിന്നും നിറയെ യാത്രക്കാരുമായി ചെന്നൈയിലേക്ക് പുറപ്പെട്ട ബസ്, തെൻമല പിന്നിട്ടതോടെ ഒരു വാഹനത്തിൽ ഇടിച്ച ബസ് നിർത്താതെ അമിതവേഗതയിൽ മുന്നോട്ട് കുതിക്കുകയായിരുന്നു. ഇതോടെ അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ ജീവൻ പണയപ്പെടുത്തി ബസിനെ പിന്തുടർന്നു.
ആര്യങ്കാവിനടുത്ത് വെച്ച് യുവാക്കൾ ബസ് തടഞ്ഞപ്പോഴാണ് ഡ്രൈവർ മദ്യലഹരിയിലാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരും യാത്രക്കാരും ചേർന്ന് ബസ് തടയുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ബസിനുള്ളിൽ ഭയന്നുവിറച്ചാണ് ഇരുന്നിരുന്നതെന്ന് യാത്രക്കാർ പറയുന്നു. ഡ്രൈവർ വളരെ അസ്വാഭാവികമായ രീതിയിലാണ് ബസ് ഓടിച്ചിരുന്നത്. വണ്ടി പലപ്പോഴും റോഡിൽ നിന്നും തെന്നിമാറി വലിയ അപകടത്തിന്‍റെ വക്കിലായിരുന്നു. പേടിച്ചാണ് ഇരുന്നിരുന്നതെന്ന് ബസിലുണ്ടായിരുന്നവർ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെൻമല പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


