ചത്തീസ്​ഗഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ തോക്കുമായി എത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വീട്ടുകാരെയും സംഭവം അറിഞ്ഞ് ഓടിയെത്തിയവരേയും ഏറെനേരം മുൾമുനയിൽ നിർത്തിയ ബിപിൻ എന്ന യുവാവിനെ പൊലീസ് അതിസാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

പതിനാറ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ബിപിൻ മുൻപ് വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ട് പോയിരുന്നു. അന്ന് ഇരുവരും വിവാഹം ചെയ്തതായും ബിപിൻ അവകാശപ്പെട്ടു. പിന്നീട് വീട്ടുകാർ നൽകിയ പരാതിയിൽ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ, ബിപിൻ പെൺകുട്ടിയെ വീണ്ടും കാണാനും ബന്ധപ്പെടാനും ശ്രമങ്ങൾ തുടങ്ങി.

ഇതോടെ പെൺകുട്ടിയെ വീട്ടുകാ‌ർ അയൽ ഗ്രാമത്തിലെ ബന്ധു വീട്ടിലേക്ക് മാറ്റി. പെൺകുട്ടിയെ ബന്ധപ്പെടാനുള്ള മറ്റെല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ബിപിൻ വീട്ടിലെത്തിയത്. തുടർന്നു നടന്ന വാഗ്വാദങ്ങൾക്കൊടുവിലാണ് ബിപിൻ കയ്യിൽ കരുതിയിരുന്ന തോക്ക് പെൺകുട്ടിയുടെ അമ്മയുടെ നേർക്ക് ചൂണ്ടിയത്.

പെൺകുട്ടിയെ വിളിക്കാൻ എന്ന വ്യാജേന പുറത്തിറങ്ങിയ അമ്മ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചതോടെ സംഭവം പുറംലോകമറിഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ ബിപിൻ തോക്ക് സ്വന്തം തലയിൽ വെച്ച് ആത്മഹത്യ ഭീഷണി മുഴക്കി. അനുനയിപ്പിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ അച്ഛന് നേരെ ബിപിൻ നിറയൊഴിച്ചു. നേരിയ വ്യത്യാസത്തിലാണ് പെൺകുട്ടിയുടെ പിതാവ് രക്ഷപെട്ടത്. സംഭവം അറി‍ഞ്ഞെത്തിയ പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബിപിനെ കീഴ്പ്പെടുത്തിയത്.