മഹാരാഷ്ട്ര: കൊവിഡ് 19 ഭീതിയിലാണ് ലോകമെങ്ങുമുള്ളവർ. അപ്രതീക്ഷിതമായ നിയന്ത്രണങ്ങളിലൂടെയും സങ്കീർണ്ണതകളിലൂടെയുമാണ് ഓരോരുത്തരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പെട്ടെന്ന് വന്ന് ഭവിച്ച പല മാറ്റങ്ങളും സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ സാഹസികമായി ചിന്തിക്കാനും പെരുമാറാനും ചിലർ തയ്യാറാകും. സ്വന്തം ​ഗ്രാമത്തിലെത്താൻ നരേന്ദ്ര ഷെൽക്ക എന്ന യുവാവ് നടന്നു തീർത്തത് 135 കിലോമീറ്ററാണ്. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ നിന്നുമാണ് ചന്ദ്രപൂരിലെ സ്വന്തം വീട്ടിലെത്താൻ ഇയാൾ നടക്കാൻ തീരുമാനിച്ചത്. 

കൊറോണ വൈറസ്  വ്യാപനത്തെ ചെറുക്കാൻ രാജ്യമെങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു നരേന്ദ്ര ഷെൽക്കയുടെ ഈ തീരുമാനം. ആഹാരമൊന്നുമുണ്ടായിരുന്നില്ല കഴിക്കാൻ. പച്ചവെള്ളം മാത്രമാണ് വിശപ്പടക്കാൻ ഉണ്ടായിരുന്നത്. പൂനെയിൽ  ദിവസ വേതന തൊഴിലാളിയാണ് ഈ യുവാവ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് പരിഭ്രാന്തരാക്കപ്പെട്ട നൂറ്കണക്കിന്  സാധാരണക്കാരായ ജനങ്ങളിൽ ഒരുവൻ. എല്ലാവരും സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താനാണ് ശ്രമിച്ചത്. ചന്ദ്രപൂർ ജില്ലയിലെ സാവോലി താലൂക്കിലെ ജംഭ് ആണ് നരേന്ദ്ര ഷെൽക്കയുടെ ​ഗ്രാമം. നാ​ഗ്പൂർ വരെ ട്രെയിനിലാണ് ഇയാൾ എത്തിച്ചേർന്നത്. എന്നാൽ ഇവിടെ എത്തിയതോടെ സ്ഥിതി​ഗതികൾ മാറി. യാത്രാനിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഷെൽക്ക നാ​ഗ്പൂരിൽ കുടുങ്ങി. വീട്ടിലെത്താൻ മറ്റ് വഴികളൊന്നും കൺമുന്നിൽ‌ തെളിയാതെ വന്നപ്പോൾ, മുന്നിൽ കണ്ടത് നാ​ഗ്പൂർ-നാ​ഗ്ബിന്ദ് റോഡാണ്. മറ്റൊന്നും ചിന്തിക്കാതെ നടന്നു തുടങ്ങി. ചൊവ്വാഴ്ച നടന്നു തുടങ്ങിയ ഷെൽക്ക ബുധനാഴ്ച രാത്രിയോടെ ​ഗ്രാമത്തിന് സമീപമെത്തി. 

പട്രോളിം​ഗിനിറങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥരാണ് നാ​ഗ്പൂരിൽ നിന്നും 135 കിലോമീറ്റർ അകലെയുള്ള സിന്ദേവാഹി താലൂക്കിലെ ശിവാജി സ്ക്വയറിൽ തളർന്നിരിക്കുന്ന നരേന്ദ്ര ഷെൽക്കയെ കണ്ടത്. കർഫ്യൂ ലംഘിച്ച് നിരത്തിലിറങ്ങിയതെന്തിനെന്ന് ചോദിച്ച പൊലീസുകാരോട് വീട്ടിലെത്താൻ വേണ്ടി രണ്ട് ദിവസമായി താൻ നടക്കുകയായിരുന്നു എന്ന് ഷെൽക്ക മറുപടി നൽകി. ഉടൻ തന്നെ അസിസ്റ്റന്റ് ഇൻസ്പെക്ടർ നിഷികാന്ത് രാംടെകെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൊട്ടടുത്തുള്ള ആശുപത്രിയിൽ ഷെൽക്കെയെ എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് ഉദ്യോ​ഗസ്ഥൻ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം വരുത്തി ഷെൽക്കയ്ക്ക് നൽകി.

ഡോക്ടർമാരുടെ അനുമതി ലഭിച്ചതിന് ശേഷം സ്വന്തം ​ഗ്രാമമായ ജംഭിലേക്ക് ഇയാളെ എത്തിക്കാൻ വാഹനവും ഏർപ്പാടാക്കി. സിന്ധേവാഹിയിൽ നിന്ന് 25 കിലോമീറ്റർ ദൂരമുണ്ട് ജംഭ് ​ഗ്രാമത്തിലേക്ക്. മുൻകരുതലിന്റെ ഭാ​ഗമായി നരേന്ദ്ര ഷെൽക്കയോട് 14 ദിവസത്തേയ്ക്ക് വീട്ടിനുളളിൽ തന്നെ കഴിയാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട നിരവധി ആളുകളാണ് ഇത്തരത്തിൽ സ്വന്തം ​ഗ്രാമങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നത്