ഭോപ്പാൽ: പോസ്റ്റ് മോർട്ടം ചെയ്യാനായി മകളുടെ മൃതദേഹവുമായി പിതാവ് നടന്നത് 35 കിലോമീറ്റർ. മധ്യപ്രദേശിലെ സിം​ഗ്രോളി ജില്ലയിലാണ് സംഭവം. മൃതദേഹം കട്ടിലിൽ വച്ച് ചുമന്നാണ് പിതാവ് സിം​ഗ്രോളിയിലെ ആശുപത്രിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെയ് അഞ്ചിനാണ് 16 കാരി ആത്മഹത്യ ചെയ്തത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. 35 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി. 

സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബത്തിന് മൃതദേഹം കൊണ്ടുപോകാൻ വാഹ​നം ഒരുക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല, മൃതദേഹം ആശുപത്രിയിലെത്തിക്കാനുള്ള സ​ഹായം പൊലീസും നിഷേധിച്ചു. ഇതോടെ കട്ടിലിൽ കെട്ടി ചുമക്കുകയല്ലാതെ  ഇവർക്ക് മറ്റ് മാർ​ഗമില്ലായിരുന്നു. ഏഴ് മണിക്കൂർ നടന്നാണ് പെൺകുട്ടിയുടെ പിതാവും നാട്ടുകാരും ആശുപത്രിയിലെത്തിയത്.

രാവിലെ ഒമ്പത് മണിക്ക് നടക്കാനാരംഭിച്ച ഇവർ വൈകീട്ട് നാലിനാണ് ആശുപത്രിയിലെത്തിയത്. മൃതദേഹം വച്ച കട്ടിൽ ചുമന്ന് വയ്യാതായിരിക്കുന്നു, പക്ഷേ ഇതല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റ് മാർ​ഗമില്ല - പിതാവ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിനെത്തിക്കാനുള്ള തുക ബജറ്റിൽ അനുവദിച്ചിട്ടില്ലെന്നും അതിനാൽ മറ്റ് മാർ​ഗമില്ലെന്നും പൊലീസ് ഉദ്യോ​ഗസ്ഥനായ അരുൺ സിം​ഗ് പറഞ്ഞു.