യുവാവിന് താൻ ചെയ്ത കുറ്റത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്ന് പൊലീസ് പറയുന്നു. 'അവൾ മരിക്കണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്' എന്നാണ് പൊലീസിനോട് പറഞ്ഞത്.

ലഖ്നൌ: വിഷം കലർത്തിയ ശീതള പാനീയം നൽകി പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിലെറിഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ലളിത്പൂരിൽ വെച്ചാണ് ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന യുവതിയെ ജഗദീഷ് റായ്ക്വാർ എന്ന യുവാവ് കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജഗദീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് താൻ ചെയ്ത കുറ്റത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്ന് പൊലീസ് പറയുന്നു. 'അവൾക്ക് മരിക്കണമെന്ന് ആഗ്രഹിച്ചു, അതുകൊണ്ടാണ് ഞാൻ അവളെ കൊന്നത്' എന്നാണ് പൊലീസിനോട് പറഞ്ഞത്.

റാണി എന്ന യുവതി ജഗദീഷിനൊപ്പം ലളിത്പൂരിൽ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. ഭർത്താവായ നരേന്ദ്രനെ ഉപേക്ഷിച്ചാണ് റാണി ജഗദീഷിനൊപ്പം താമസം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ജഗദീഷ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ റാണിയും തന്‍റെ ഭാവി വധുവും ഒരുമിച്ച് താമസിക്കണമെന്ന് ഇയാൾ ആഗ്രഹിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ റാണി ഈ ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ച് ജഗദീഷിനെ ഉപേക്ഷിച്ച് പോയി.

റാണി മധ്യപ്രദേശിലെ അശോക് നഗറിലുള്ള മറ്റൊരാളോടൊപ്പം താമസിക്കാൻ തീരുമാനിച്ചു. ഇതോടെ പ്രകോപിതനായ ജഗദീഷ് കൊലപാതകം നടത്താനുള്ള വഴികൾ ഓണ്‍ലൈനിൽ തിരയുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തു. റാണിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പാനീയത്തിൽ വിഷം കലർത്തി നൽകുകയും ചെയ്തു. റാണി ബോധരഹിതയായപ്പോൾ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കി.

ജഗദീഷ് കൊലപാതകത്തിന് ശേഷം നീല ചാക്ക് വാങ്ങി അതിൽ മൃതദേഹം കുത്തിനിറച്ച് ഷെഹ്‌സാദ് നദിയിൽ തള്ളി. ബുധനാഴ്ച പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് നദിയിൽ ഒഴുകി നടക്കുന്ന നീല ചാക്ക് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റാണിയുടെ മൃതദേഹം ജീർണിച്ച നിലയിലായിരുന്നു, അതിനാൽ ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ മൃതദേഹത്തിലെ ടാറ്റൂ തിരിച്ചറിയാൻ സഹായിച്ചു. കൈയിലെ 'ആർ-ജഗദീഷ്' എന്ന് എഴുതിയ ടാറ്റൂവാണ് മൃതദേഹം റാണിയുടേതാണെന്ന് തിരിച്ചറിയാൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.