രണ്ട് ബൈക്കുകളിലായാണ് സംഘം തിരിച്ചുപോയത്. ഒരാൾ ബൈക്കിലിരുന്ന് തോക്ക് ഉയർത്തിക്കാട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണാം.
പട്ന: ആശുപത്രിക്കുളളിൽ കയറി രോഗിയെ ആറംഗ സംഘം വെടിവച്ച് കൊന്ന സംഭവത്തിൽ പുതിയ സിസിടിവി ദൃശ്യം പുറത്ത്. കൊല നടത്തി രണ്ട് ബൈക്കുകളിലായാണ് സംഘം തിരിച്ചുപോയത്. ഒരാൾ ബൈക്കിലിരുന്ന് തോക്ക് ഉയർത്തിക്കാട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണാം. നിരവധി കേസുകളിൽ പ്രതിയായ ചന്ദൻ മിശ്രയെ ആണ് ആറംഗ സംഘം കൊലപ്പെടുത്തിയത്.
പട്നയിലെ പരസ് ആശുപത്രിയിലാണ് സംഭവം നടന്നത്. സെൻട്രൽ റേഞ്ച് (പട്ന) ഇൻസ്പെക്ടർ ജനറൽ (ഐ ജി) ജിതേന്ദ്ര റാണ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്, ആറ് അക്രമികളെ പിടികൂടി എന്നാണ്. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ചന്ദൻ മിശ്രയെ കൊലപ്പെടുത്തിയ എല്ലാ പ്രതികളെയും പൊലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ചികിത്സയ്ക്കായി പരോളിൽ ഇറങ്ങിയതായിരുന്നു ചന്ദൻ മിശ്ര. വ്യാഴാഴ്ചയാണ് ആശുപത്രിയിൽ അപ്രതീക്ഷിത സംഭവമുണ്ടായത്. അക്രമി സംഘം ചന്ദൻ മിശ്രയെ അഡ്മിറ്റ് ചെയ്തിരുന്ന മുറിയിൽ എത്തുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. തുടർന്ന് വെടിവച്ചാണ് കൊലപ്പെടുത്തിയത്. ചന്ദൻ മിശ്രയുടെ എതിർസംഘത്തിൽ പെട്ടവരാണ് കൊലയാളികൾ എന്ന് പട്ന എസ്എസ്പി കാർത്തികേയ കെ ശർമ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികൾക്ക് ഇത്ര എളുപ്പത്തിൽ മുറിയിൽ എത്താനായത് സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഹാറിൽ കൊലപാതക പരമ്പരകൾ നടക്കുകയാണ്. കഴിഞ്ഞ ആഴ്ച ബിജെപി നേതാവ് സുരേന്ദ്ര കേവാട്ട് ബിഹാറിലെ ഷെയ്ഖ്പുര ഗ്രാമത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതിന് മുമ്പ് വ്യവസായി ഗോപാൽ ഖേംകയെ ഗാന്ധി മൈതാനത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വീടിന് പുറത്ത് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.


