ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  

ദില്ലി: ഇന്ത്യയില്‍ ഒരാളില്‍ എം പോക്സ് സംശയിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നെത്തിയ യുവാവിലാണ് രോഗലക്ഷണം കണ്ടത്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈകുന്നേരം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് രാജ്യത്ത് ഒരാളില്‍ എംപോക്സ് സംശയിക്കുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ല. എല്ലാ സജ്ജീകരണങ്ങളുമുള്ള ആശുപത്രിയില്‍ രോഗി നിരീക്ഷണത്തിലാണെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ ക്രമീകരണങ്ങളും രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

12 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വകഭേദം സ്ഥിരീകരിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് ഇന്ത്യയില്‍ സംശയകരമായ കേസ് റിപ്പോര്‍ട്ച് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദില്ലിയിലെ ആർഎംഎൽ, സഫ്ദർജംഗ്,ലേഡി ഹാർഡിങ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കടുത്ത പനി, തലവേദന, പേശികള്‍ക്ക് വേദന, ദേഹമാസകലം തിണര്‍പ്പ് ഇതൊക്കെയാണ് രോഗ ലക്ഷണങ്ങള്‍. വാക്സിനേഷനിലൂടെ രോഗം കുറയ്ക്കാനാകും.

Asianet News Live | Malayalam News Live | Water Shortage | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്