ദില്ലി: മൃഗങ്ങളോടുള്ള ക്രൂരത കാണിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ച ടിക് ടോക്ക് ഇന്ത്യ ആപ്ലിക്കേഷന് മനേക ഗാന്ധിയുടെ കത്ത്. ടിക് ടോക് ഇന്ത്യ പബ്ലിക് പോളിസി മേധാവി മോഹിത് ബന്‍സാലിക്കാണ് മനേക കത്തയച്ചത്. ധാര്‍ഷ്ട്യം കൊണ്ട് ടിക് ടോക് ഇന്ത്യന്‍ നിയമസംവിധാനത്തെ പരിഹസിക്കുകയാണ്. ചൈനയ്ക്ക് വേണ്ടിയാണോ ടിക് ടോക് പ്രവര്‍ത്തിക്കുന്നതെന്ന് മനേക കത്തില്‍ ചോദിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍  പാലിക്കാന്‍ ടിക് ടോക് ഇന്ത്യ ബാധ്യസ്ഥരാണ്. മൃഗങ്ങളോടുള്ള ക്രൂരത കാണിക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ റദ്ദാക്കണമെന്ന് നേരത്തെ ടിക്  ടോകിനോട്  കേന്ദ്രവാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയെന്നോണം തുടക്കം മുതല്‍  ക്രൂരതയ്ക്കും അക്രമങ്ങള്‍ക്കും എതിരാണ് ടിക് ടോക് പോളിസി, ഇത്തരം ഉള്ളടക്കം തടയാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു അന്ന് ടിക് ടോക് ഇന്ത്യ പബ്ലിക് പോളിസി മേധാവി മോഹിത് ബന്‍സാല്‍ പ്രതികരിച്ചത്.

എന്നാല്‍ ഇത്തരം വീഡിയോ പോസ്റ്റ് ചെയ്യുന്നത് തടയാനുള്ള നടപടികളൊന്നും ടിക് ടോക്ക് ഇന്ത്യയുടെ ബാഗത്തു നിന്നും ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് ടിക് ടോക്കിനെ വിമര്‍ശിച്ച് മനേകയുടെ കത്ത്.  അക്രമങ്ങളോട് എതിരാണെന്നാണ് പറയുമ്പോഴും വീണ്ടും വീണ്ടും ഇത്തരം ദൃശ്യങ്ങള്‍ ടിക് ടോകില്‍ കാണുണ്ട്.  ക്രൂരത മാത്രമല്ല, നിയമവിരുദ്ധമായ പല പരസ്യങ്ങളും ടിക് ടോകില്‍ ഉണ്ടെന്നും നിര്‍ദേശങ്ങളോട് മുഖം തിരിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും മനേക കത്തില്‍ വ്യക്തമാക്കി. 

ഇത്തരം വീഡിയോകള്‍ ടിക് ടോക്ക് പിന്‍വലിക്കണം. അല്ലെങ്കില്‍ ഇങ്ങനെയുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ റദ്ദാക്കണം. മാത്രമല്ല  ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറണമെന്ന് മോഹിത് ബന്‍സാലിക്ക് അയച്ച കത്തില്‍ മനേക ആവശ്യപ്പെട്ടു.