മംഗളൂരു: മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സഹായിക്കാന്‍ മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ലഭിച്ചത് രണ്ട് കോടി രൂപ. വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളുമാണ് കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബത്തെയും പരിക്കേറ്റവരെയും സംരക്ഷിക്കാന്‍ സഹായം നല്‍കിയത്. 25 ലക്ഷം വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കും.

ബാക്കി പരിക്കേറ്റവരുടെ ചികിത്സക്കും മറ്റും ഉപയോഗിക്കുമെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങിയത്. മുന്‍ എംഎല്‍എ ബി എ മൊഹിയുദ്ദീന്‍ ബാവയുടെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്. 

ഡിസംബര്‍ 19നാണ് മംഗളൂരുവില്‍ വെടിവെപ്പുണ്ടായത്.  നൗസീന്‍ കുദ്രോളി(49), ജലീല്‍ ബെന്‍ഗ്രെ(23) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അഞ്ച് ലക്ഷം രൂപ ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി എന്നിവരും കുടുംബത്തെ സഹായിച്ചു.