ശശി തരൂരിന്റെ പോസ്റ്ററിന് മറുപടിയുമായി മാണിക്കം ടാഗോർ എംപി രംഗത്ത്. പക്ഷികൾക്ക് പറക്കാൻ അനുവാദം വേണ്ടെന്നും വേട്ടക്കാർ ദേശസ്നേഹികളുടെ തൂവലണിയുമ്പോൾ സ്വാതന്ത്ര്യം പോലും സ്വതന്ത്രമല്ലെന്നും എംപി എക്സിൽ കുറിച്ചു.
ദില്ലി: തരൂരിന് മറുപടിയുമായി കോൺഗ്രസ്. എക്സിലൂടെയാണ് മാണിക്കം ടാഗോർ എം പി യുടെ മറുപടിയെത്തിയിരിക്കുന്നത്. പക്ഷികൾ ആകാശം നിരീക്ഷിച്ച് പറക്കണം. കഴുകന്മാരും, പരുന്തുകളുമൊക്കെ വേട്ടയാടാനുണ്ടാകും. സ്വാതന്ത്ര്യവും സ്വതന്ത്രമല്ല, വേട്ടക്കാർ ദേശ സ്നേഹികളുടെ തൂവലണിയുമ്പോൾ എന്നൊക്കെയാണ് ട്വീറ്റിലുള്ളത്. പറക്കാൻ അനുവാദം ചോദിക്കരുതെന്നും പക്ഷികൾക്ക് ഉയരാൻ അനുമതി ആവശ്യമില്ലെന്നും എക്സ് പോസ്റ്റിൽ പറയുന്നു. ഡെമോക്രസി ഇൻ ഡെയ്ഞ്ചർ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.
ജൂൺ 25 ന് പറക്കാൻ ആരുടെയും അനുവാദം വേണ്ടെന്നും, ചിറകുകൾ നിങ്ങളുടേതാണെന്നും ആകാശം ആരുടെയും സ്വന്തമല്ലെന്നും എഴുതിയ ഒരു പോസ്റ്റർ ശശി തരൂർ പങ്കുവച്ചിരുന്നു. ശശി തരൂരിന്റെ മോദി സ്തുതി വലിയ വിവാദമായപ്പോഴാണ് ഈ പോസ്റ്റർ ശശി തരൂർ പങ്കുവച്ചത്. ഇതിന് ശേഷമാണ് സംഭവം വലിയ വിവാദമായത്.
മോദി സ്തുതിയിൽ ശശി തരൂരിനെതിരെയുള്ള നിലപാട് കടുപ്പിച്ചും പരിഹസിച്ചും കോൺഗ്രസ് നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. തരൂരിന്‍റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു. പറയുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ജയിപ്പിച്ച് വിട്ട ജനങ്ങളോട് ഉത്തരവാദിത്തം കാട്ടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാട് കടുപ്പിച്ചു.
തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ആദ്യ പ്രതികരണമാണിത്. മോദി സ്തുതിയുമായെഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ നടപടിയുണ്ടാകുമോയെന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തരൂരിന്‍റെ ലേഖനം വായിച്ച് തലപുണ്ണാക്കാനില്ല. രാജ്യമാണ് ആദ്യമെന്ന നിലപാട് തന്നെയാണ് കോൺഗ്രസിന്‍റേതും. രാജ്യത്തിനായി യുദ്ധം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. നടപടിയുണ്ടാകുമോയെന്ന ചോദ്യം ഒഴിവാക്കി, ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് തരൂരിന്‍റെ ലേഖനം വായിച്ചില്ലെന്ന് ഖര്‍ഗെ പരിഹസിക്കുകയായിരുന്നു.
അതേ സമയം, ലക്ഷ്ണമണ രേഖയെ കുറിച്ച് നേരത്തെ ഓര്‍മ്മപ്പെടുത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിന്‍റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ചു.
