മല്ലികാർജുൻ ഖർ​ഗെയ്ക്കും അധിർ രഞ്ജൻ ചൗധരിക്കുമാണ് കത്ത് നൽകിയത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെ തുടർന്നാണ് അമിത് ഷാ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

ദില്ലി: മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസിന് കത്ത് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മല്ലികാർജുൻ ഖർ​ഗെയ്ക്കും അധിർ രഞ്ജൻ ചൗധരിക്കുമാണ് കത്ത് നൽകിയത്. മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് നാലാം ദിനവും പ്രക്ഷുബ്ധമായതിനെ തുടർന്നാണ് അമിത് ഷാ തന്നെ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. 

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിൽ പ്രസ്താവന നടത്തില്ലെന്ന വാശിയിൽ കേന്ദ്രസർക്കാർ തുടരുന്നതാണ് ഇന്നും പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമാകാൻ കാരണം. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. ബിജെപി നേതാക്കൾ രാജസ്ഥാനിലെ ലൈംഗിക അതിക്രമം ചൂണ്ടിക്കാട്ടി ഹ്രസ്വ ചർച്ചയ്ക്ക് നൽകിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷൻ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതേസമയം, സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിൽ ഇന്ത്യ സഖ്യത്തിൽ ധാരണയായി. ഇക്കാര്യത്തിൽ ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനോട് യോജിപ്പ് അറിയിക്കുകയായിരുന്നു. രാവിലെ അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിൽ ഇന്ത്യയിൽ ചർച്ച നടന്നിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല. 

'ഇന്ന് മണിപ്പൂരിൽ സംഭവിക്കുന്നത് നാളെ കേരളത്തിലും സംഭവിച്ചേക്കാം'; ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ആനി രാജ

എന്നാൽ പ്രതിപക്ഷ ബഹളത്തിനിടെയും കോഓപ്പറേറ്റിവ് സൊസൈറ്റി ഭേദഗതി ബില്ലിനെ കുറിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. മണിപ്പൂരിലെ കാഴ്ചകൾ തിരിച്ചടിയായിരിക്കുമ്പോഴും പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്ന ആവശ്യത്തിന് വഴങ്ങേണ്ടെന്നാണ് എൻഡിഎ തീരുമാനം. അതിനിടെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി രംഗത്ത് വന്നു. മോദിക്ക് ഞങ്ങളെ എന്തുവേണമെങ്കിലും വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയർത്തുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

മണിപ്പൂർ കലാപം; പ്രതിഷേധം കനത്തു, അമിത് ഷാ പാർലമെൻറിൽ മറുപടി നൽകും