മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവര്‍ന്നു, പൊലീസ് ജീപ്പിന് തീയിട്ടു
മെയ്തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ ആളികത്തുകയാണ് മണിപ്പൂർ. പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്നു. ശേഷം അക്രമികള്‍ പൊലീസ് ജീപ്പിന് തീയിട്ടു.

ദില്ലി: മണിപ്പൂരിൽ സംഘര്‍ഷം തുടരുന്നു. പ്രതിഷേധക്കാർ പൊലീസ് വാഹനം ആക്രമിച്ച് ആയുധം കവർന്നു. ശേഷം അക്രമികള്‍ പൊലീസ് ജീപ്പിന് തീയിട്ടു. അതിനിടെ, രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ഇംഫാലിൽ എത്തിയ സിബിഐ സംഘം കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങളിൽ നിന്ന് മൊഴിയെടുത്തു. അന്വേഷണത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ബീരേൻ സിംഗ് അറിയിച്ചു.
മെയ്തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ ആളികത്തുകയാണ് മണിപ്പൂർ. മുഖ്യമന്ത്രി ബീരേൻ സിംഗിന്റെ വീട്ടിലേക്ക് നടന്ന പ്രതിഷേധം ആക്രമാസക്തമായി, പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നഗരത്തിൽ പ്രധാനയിടങ്ങളിൽ എല്ലാം പൊലീസ് സന്നാഹമാണ്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പത്തൊമ്പത് പൊലീസ് സ്റ്റേഷനുകൾ ഒഴികെയുള്ള സ്ഥലങ്ങളെ എഎ്എഫ്പിഎ പ്രകാരം പ്രശ്ന ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇതിൽ ഭൂരിഭാഗവും മലയോര ജില്ലകളിലാണ്. ഇംഫാൽ ഉൾപ്പെടെ താഴ്‍വര പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കൊലയ്ക്ക് പിന്നിൽ കുക്കി സംഘടനകളാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് മെയ്തെയ് സംഘടനകളുടെ തീരുമാനം. ഇതിനിടെ സംസ്ഥാനത്ത് 27 എംഎൽഎമാർ കേസിൽ കർശന നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. മക്കളെ കൊന്നവരെ ഉടനടി കണ്ടെത്തണമെന്നും പ്രധാമന്ത്രി ആത്മാർത്ഥ കാണിക്കമെന്നും കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ കുടുംബം ആവശ്യപ്പെട്ടു.
എന്നാൽ, കൊലപാതവുമായി ബന്ധമില്ലെന്നാണ് കുക്കി സംഘടനകളുടെ വിശദീകരണം. സിബിഐ സ്പെഷ്യല്‍ ഡയറക്ടർ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജജുന ഖർഗെ ആവശ്യപ്പെട്ടു.