പെട്രോൾ ബോംബുകൾ വീടിന് നേരെ എറിയുകയായിരുന്നുവെന്നും വീടിൻ്റെ രണ്ട് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും രാജ് കുമാർ രഞ്ജൻ സിംഗ് അറിയിച്ചു.  

ദില്ലി : കലാപ കലുഷിതമായ മണിപ്പൂരിൽ സംഘർഷം തുടരുന്നു. വീണ്ടും വീടുകൾക്ക് വ്യാപകമായി തീയിട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി രാജ് കുമാർ രഞ്ജൻ സിംഗിന്റെ വസതിക്ക് നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം ആർ കെ രഞ്ജൻ സിംഗിന്റെ ഇംഫാലിലെ വസതി ആക്രമിച്ചത്. ആൾക്കൂട്ടം വീടിന് തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവ സമയം മന്ത്രി വീട്ടിലുണ്ടായിരുന്നില്ല. പെട്രോൾ ബോംബുകൾ വീടിന് നേരെ എറിയുകയായിരുന്നുവെന്നും വീടിൻ്റെ രണ്ട് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും രാജ് കുമാർ രഞ്ജൻ സിംഗ് അറിയിച്ചു. ആർക്കും പരിക്കില്ല. താൻ ഔദ്യോഗിക ആവശ്യത്തിനായി കേരളത്തിലായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. 

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഏക വനിതാ മന്ത്രിയുടെ വീടിന് തീവച്ചു

അതിനിടെ, സുരക്ഷ സേനയും, ആൾക്കൂട്ടവും പലയിടങ്ങളിലും ഏറ്റുമുട്ടിയെന്ന വിവരവും പുറത്ത് വന്നു. തലസ്ഥാനമായ ഇംഫാലിലെ ന്യൂചെക്കോൺ മേഖലയിലാണ് അക്രമികൾ വീടുകൾക്ക് വ്യാപകമായി തീയിട്ടത്. ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചാണ് സുരക്ഷാ സേന അക്രമികളെ തുരത്തിയതെന്ന് വാർത്താ ഏജൻസി റിപോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം കാങ്പോക്പി ജില്ലയിലുണ്ടായ സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ഇംഫാലിൽ വീണ്ടും സംഘർഷമുണ്ടായത്.

മെയ് 3 മുതൽ ആരംഭിച്ച മെയ്തെയ്- കുകി വിഭാ​ഗക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗത്തിന്‍റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിലേക്കെത്തിയത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രേതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുകി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.

എന്നാൽ അതേ സമയം, മണിപ്പൂരിൽ നുഴഞ്ഞുകയറ്റക്കാരാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് മുഖ്യമന്ത്രി ബിരേൻ സിംഗ് ഉയർത്തുന്ന ആരോപണം. മെയ്തെയ് കുകി വിഭാഗങ്ങൾക്കിടയിൽ സംഘർഷമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. 

കള്ളക്കേസിൽ പൊലീസ് നടപടി: അഖില നന്ദകുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവണം