സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അമിത് ഷാ പ്രഖ്യാപിച്ചു.
ദില്ലി: മണിപ്പൂർ കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും അമിത് ഷാ പ്രഖ്യാപിച്ചു. കലാപകാരികളോട് ആയുധം ഉടന്‍ താഴെ വയ്കാനും അമിത് ഷാ നിര്‍ദ്ദേശിച്ചു. ഇതിനിടെ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ അടിയന്തരമായി മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ അമിത്ഷായോടാവശ്യപ്പെട്ടു.
കലാപകലുഷിതമായ മണിപ്പൂരിനെ തണുപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. 80 പേരുടെ മരണത്തിനിടയാക്കിയ കലാപത്തെ കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ആറ് കേസുകള്‍ സിബിഐയും അന്വേഷിക്കും. സമാധാനശ്രമങ്ങള്‍ക്ക് ഗവര്‍ണ്ണറുടെ മേല്‍നോട്ടത്തില്‍ സമിതി. മരിച്ചവരുടെ കുടംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ സഹായധനം. കലാപമേഖലകളിലെ സാഹചര്യം വിലയിരുത്താനും ഇടപെടലിനുമായി ആഭ്യന്തരമന്ത്രാലയ സംഘം ക്യാമ്പ് ചെയ്യും. ഭക്ഷ്യക്ഷാമവും, വിലക്കയറ്റവും പിടിച്ച് നിര്‍ത്താന്‍ അവശ്യ സാധനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എത്തിക്കുമെന്നും മണിപ്പൂരില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത അമിത് ഷാ വ്യക്തമാക്കി.
Also Read: 'മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം'; അമിത് ഷായോട് ഗോത്രവിഭാഗങ്ങള്‍
മെയ്തി കുക്കി വിഭാഗങ്ങളെ നേരിട്ട് കണ്ട് സമാധാനം നിലനിര്‍ത്തണമെന്ന് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. കലാപം തടഞ്ഞില്ലെങ്കില്‍ മെഡലുകള്‍ തിരിച്ച് നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഒളിമ്പിക്സ് താരം മീര ബായ് ചാനു അടക്കം 11 കായിക താരങ്ങളെ പിന്തിരിപ്പിക്കാനും കേന്ദ്രം ശ്രമിക്കുകയാണ്. അതേ സമയം തീവ്രവാദികളായി മുദ്രകുത്തി വെടിവച്ച് കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന പരാതിയുമാണ് മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ എത്രയും വേഗം മാറ്റണമെന്ന് കുകി വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ അമിത് ഷായോടാവശ്യപ്പെട്ടത്. ബിരേന്‍ സിംഗിന്‍റെ നടപടികളില്‍ പ്രതിഷേധിച്ച് നാല് എംഎല്‍എമാര്‍ ഇതിനോടകം രാജി വച്ച് കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

