ആപ് സര്‍ക്കാറിന്‍റെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും നാരായണ്‍ ദത്ത് പറഞ്ഞു.
ദില്ലി: എഎപി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെ വെളിപ്പെടുത്തലുമായി ആപ് നേതാവ് രംഗത്ത്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തന്നോട് 10 കോടി മനീഷ് സിസോദിയ ആവശ്യപ്പെട്ടെന്ന് നാരായണ്‍ ദത്ത് ശര്‍മ ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് വെളിപ്പെടുത്തി.
ബദര്‍പുര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിസോദിയ എന്നെ വിളിച്ചു. രാം സിംഗ് എന്ന നേതാവ് 20 കോടി രൂപ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും നിങ്ങള്‍ എത്ര തരുമെന്നുമായിരുന്നു ചോദ്യം. എത്രയാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ 10 കോടി വേണമെന്ന് പറഞ്ഞു. എന്‍റെ കൈയില്‍ പണമുണ്ടായിരുന്നില്ല- നാരായണ്‍ ദത്ത് പറഞ്ഞു. പണം വാങ്ങിയാണ് എഎപി സീറ്റ് വിതരണം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചെന്നും ബദര്‍പൂര്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആപ് സര്‍ക്കാറിന്‍റെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും നാരായണ്‍ ദത്ത് പറഞ്ഞു. ജനുവരി 13നാണ് കോണ്‍ഗ്രസ് നേതാവായിരുന്ന രാം സിംഗ് തന്‍റെ അനുയായികളോടൊത്ത് എഎപിയില്‍ ചേര്‍ന്നത്. ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭ തെരഞ്ഞെടുപ്പ്.
മനീഷ് സിസോദിയക്കെതിരെയുള്ള ആരോപണത്തിന് അദ്ദേഹമോ പാര്‍ട്ടിയോ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
