ദില്ലി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ സംഭവത്തോടുള്ള കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കാന്‍ '50 ഷേഡ്സ് ഓഫ് ഗ്രേ' എന്ന ലൈംഗിക വര്‍ണനകളുള്ള നോവലിന്‍റെ പേര് പരാമര്‍ശിച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. എന്‍ഡിഎ സര്‍ക്കാര്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം ഇന്നു ലോക്സഭ ചേര്‍ന്നപ്പോഴാണ് തിവാരിയുടെ വിശദീകരണം. 

ജമ്മുകശ്മീരിനെ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുമുള്ള തീരുമാനം അമിത് ഷാ ലോക്സഭയില്‍ അറിയിച്ചപ്പോള്‍ മനീഷ് തിവാരി ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. മനീഷ് തിവാരിയോട് സംഭവത്തോടുളള കോണ്‍ഗ്രസിന്‍റെ നിലപാട് വ്യക്തമാക്കാനും ഒടുവില്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. 

''ഇംഗ്ലീഷില്‍ ഒരു പുസ്തകമുണ്ട്.  ഒരു കാര്യം കറുപ്പാണോ വെളുപ്പാണോ എന്ന് വ്യക്തമാക്കാനാവില്ല... ഇതിനിടയില്‍ വിവിധ നിറങ്ങള്‍ വേറെയുണ്ട് ( there are 50 shades of grey in between)'' - ഇഎല്‍ ജെയിംസ് രചിച്ച ഇംഗ്ലീഷ് നോവലായ '50 ഷേഡ്സ് ഓഫ് ഗ്രേ'യെ പരാമര്‍ശിച്ച് തിവാരി പറഞ്ഞു.  

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിലും കൃത്യമായ നിലപാടില്ലാതെ നട്ടം തിരിയുകയാണ് കോൺഗ്രസ്. ഇന്നലെ ലോക്സഭയിൽ രാഹുൽ ഉണ്ടായിരുന്നിട്ടും ആദ്യ ദിനം ഒന്നും പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട് 24 മണിക്കൂറിന് ശേഷമാണ് രാഹുൽ ട്വിറ്ററിൽ പ്രതികരണം നടത്തിയത്. 

 ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 'ചരിത്രപരമായ തെറ്റ് തിരുത്തി' എന്നാണ് ബില്ലിനെ അനുകൂലിച്ച് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ജനാർദ്ദൻ ദ്വിവേദി പറഞ്ഞത്. ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.