ജയ്‍പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് സിംഗ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിംഗിനെതിരായി ആരും നാമനിർദേശപത്രിക സമർപ്പിച്ചില്ല. 

ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയില്ല. ബിജെപി രാജസ്ഥാൻ സംസ്ഥാന പ്രസിഡന്‍റും രാജ്യസഭാ എംപിയുമായിരുന്ന മദൻ ലാൽ സെയ്‍നി അന്തരിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജൂൺ മുതൽ ഈ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്.

മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കാമെന്ന് നേരത്തേ കോൺഗ്രസിൽ ധാരണായായിരുന്നു. എന്നാൽ തമിഴ്‍‍നാട്ടിൽ നിന്ന് മത്സരപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ഇതിനിടെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജിവച്ചു. തമിഴ്‍നാട്ടിൽ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിൽ മൻമോഹനെ മത്സരിപ്പിക്കണമെന്ന തരത്തിലുള്ള ആവശ്യം കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്ന് ആരും കൃത്യസമയത്ത് ഉന്നയിച്ചതുമില്ല. കാത്തിരുന്ന ശേഷം ഡിഎംകെ പ്രഡിഡന്‍റ് എം കെ സ്റ്റാലിൻ സീറ്റ് പാർട്ടിക്ക് തന്നെ നൽകുകയായിരുന്നു.